ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയിലെ 2026 ബാച്ചിലെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) ചെയർപേഴ്സൺ മനൻ കുമാർ മിശ്രയ്ക്കെതിരെ വൻ പ്രതിഷേധം. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) ബി.സി.ഐ ചെയർപേഴ്സണെതിരെ രംഗത്തെത്തുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.
ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകിട്ടോടെ പുറപ്പെടുവിച്ച ഉത്തരവിൽ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കുന്നതിന് പുറമെ, ബിരുദദാനച്ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെ എതിർത്ത വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ നൽകാനും ബി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കിക്കൊണ്ടുള്ള ഭാഗം ബി.സി.ഐ പിൻവലിച്ചെങ്കിലും, ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ചവരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുള്ള നിർദേശം മാറ്റിയിട്ടില്ല. ഭൂരിഭാഗം വിദ്യാർത്ഥികളും നിരപരാധികളാണെന്നും അധ്യാപകരും പുറത്തുനിന്നുള്ളവരുമാണ് ഇവരെ സ്വാധീനിച്ചതെന്നുമാണ് ബി.സി.ഐയുടെ അവകാശവാദം. വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബി.സി.ഐ വ്യക്തമാക്കി.
എന്നാൽ എൻറോൾമെന്റ് വിലക്ക് പിൻവലിച്ചതുപോലെ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ തേടിയുള്ള നടപടിയും പൂർണ്ണമായി റദ്ദാക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ അന്വേഷണം നടത്തി ഭീഷണിപ്പെടുത്തുന്നത് നിർത്തണമെന്നും, സമാധാനപരമായി വിയോജിപ്പ് പ്രകടിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകണമെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. 2012 മുതൽ മനൻ കുമാർ മിശ്ര കൗൺസിൽ തലപ്പത്തുണ്ടെന്നും, അദ്ദേഹം ഗോവയിലും അമരാവതിയിലും സ്വന്തമായി നിയമ സർവകലാശാലകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നൽസാറിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും സൗരവ് ദാസ് ആരോപിച്ചു. ബി.ജെ.പി രാജ്യസഭാ അംഗമായ മിശ്രയോട് ഉടനടി രാജിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയതിന് പ്രത്യുപകാരം ചെയ്യുകയാണ് മിശ്രയെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയും ആരോപിച്ചു. ബാർ കൗൺസിൽ തലപ്പത്ത് ഇത്രയും കാലം തെരഞ്ഞെടുക്കപ്പെടാത്ത പ്രസിഡന്റായി തുടരുന്നതിനെയും, കൗൺസിലിൽ സ്ത്രീ പ്രാതിനിധ്യമില്ലാത്തതിനെയും തൃണമൂൽ നേതാവ് മഹുവ മൊയിത്രയും വിമർശിച്ചു.നീറ്റ് ക്രമക്കേടിനെതിരായ വിദ്യാർത്ഥി സമരത്തിന് നേർക്കുള്ള പോലീസ് അതിക്രമങ്ങളുടെ വീഡിയോ കോടതിയിൽ കാണിക്കാൻ ശ്രമിച്ചപ്പോൾ, “ദയവായി ഞങ്ങളുടെ സമയം പാഴാക്കരുത്, ഈ വീഡിയോകൾ കാണാൻ ഞങ്ങൾക്ക് സമയമില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നൽസാറിലെ വിദ്യാർത്ഥികൾ ബിരുദദാനച്ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനെതിരെ പ്രതിഷേധിച്ചത്.



