കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനാലാപനത്തെ തടസ്സപ്പെടുത്തിയ ബി.ജെ.പി കൗൺസിലർമാർക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരും കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ ജില്ലാ ഘടകവും സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബി.ജെ.പി അംഗങ്ങൾ ദേശീയഗാനത്തെ അവഹേളിക്കുകയും ദേശീയതയെ അപമാനിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് പരാതികൾ സമർപ്പിച്ചിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ കെ. പ്രവീൺ കുമാർ നൽകിയ പരാതിയിൽ കുറ്റക്കാർക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷത്തിൽ മേയർ ഒ. സദാശിവൻ ദേശീയഗാനം ആലപിക്കാൻ തുടങ്ങുമ്പോൾ, ബി.ജെ.പി കൗൺസിലർമാർ സമാന്തരമായി ഉച്ചത്തിൽ വന്ദേമാതരം ആലപിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം നടത്തി പോലീസ് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന.
അതേസമയം, വന്ദേമാതരം ആലപിക്കുന്നത് കോർപറേഷന്റെ ഔദ്യോഗിക അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്ന് മേയർ ഒ. സദാശിവൻ വ്യക്തമാക്കി. പതാക ഉയർത്തി ജനഗണ മന പാടി പിരിയുകയെന്നതായിരുന്നു നിശ്ചയിച്ച ചടങ്ങ്. വന്ദേമാതരം പാടുന്നതിനെ തടഞ്ഞിട്ടില്ലെന്നും നിയമപ്രകാരം ആർക്കും അത് ആലപിക്കാമെങ്കിലും ദേശീയഗാന ചടങ്ങിനിടെ അജണ്ടയിലില്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത നടപടി സ്വാതന്ത്ര്യദിനത്തിന്റെ പരിപാവനതയ്ക്കും അന്തസ്സിനും ചേർന്നതല്ലെന്നും മേയർ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ ഈ നടപടിയെക്കുറിച്ച് ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



