ദമ്മാം: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ഒ.ഐ.സി.സി ഈസ്റ്റർ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാമിൽ ദേശീയപതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആവേശപൂർവ്വം ആഘോഷിച്ചു. ഈസ്റ്റർ പ്രോവിൻസ് ഒ.ഐ.സി.സി പ്രസിഡന്റ് ഇ.കെ. സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. 1947-ൽ ഇന്ത്യ നേടിയ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിൽ വെറുമൊരു ആഘോഷത്തിനപ്പുറം ഗൗരവമായ ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ടെന്ന് ബിജു കല്ലുമല ചൂണ്ടിക്കാട്ടി. ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും അവകാശം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുക, പരീക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസ്യത വീണ്ടെടുക്കുക, ഡിലിമിറ്റേഷൻ പ്രക്രിയയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെടാതിരിക്കുക തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകൾ ജാഗ്രത പുലർത്തണം. ഖനന നികുതികളും സെസ്സുകളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തെയും ഫെഡറലിസത്തെയും ബാധിക്കുമെന്നും ശക്തമായ സംസ്ഥാനങ്ങളാണ് ശക്തമായ ഇന്ത്യയുടെ അടിത്തറയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാനാ അബുൽ കലാം ആസാദ് ഉൾപ്പെടെയുള്ള നേതാക്കൾ സ്വപ്നം കണ്ട എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാരതത്തെ കെട്ടിപ്പടുക്കാനും ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും പ്രവാസി സമൂഹവും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, സൗദി നാഷണൽ വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, പ്രോവിൻസ് കമ്മിറ്റി നേതാക്കളായ സക്കീർ പറമ്പിൽ, ജേക്കബ്ബ് പറയ്ക്കൻ, ബിനു പി. ബേബി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി. ശശി നന്ദിയും പറഞ്ഞു. ശ്യം പ്രകാശ്, സുബൈർ പാറയ്ക്കൽ, റഷീദ് പത്തനാപുരം, അസീസ് കുറ്റ്യാടി, അഷ്‌റഫ് കൊണ്ടോട്ടി, അൻസാർ മലയിൽ, റഫീഖ് അത്തോളി, റഊഫ് കുറ്റ്യാടി, നൗഷാദ് കുറ്റ്യാടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



