കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് നിർത്തിവെച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി നാലിലെ വിചാരണ നടപടികളാണ് നിലവിൽ നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുന്നത്.
കേസിൽ അഡ്വക്കേറ്റ് എ.ഐ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയാലുടൻ നിയുക്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാറിന് വേണ്ടി വിചാരണനടപടികൾ ആരംഭിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്തുവെച്ചാണ് ‘സിറാജ്’ ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറാണ് കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ.



