ഹൂതികളുടെ റിയാദ് ആക്രമണ വാദം തള്ളി സൗദി സഖ്യസേനാ വക്താവ്; ഹൂതികൾക്ക് യമനിൽ വൻ തിരിച്ചടി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന യമനിലെ ഹൂതി വിമതരുടെ അവകാശവാദം പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് യമനിൽ നിയമസാധുതയുള്ള ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന. തായിസിലും മറ്റ് മുൻനിര പോരാട്ട ഭൂമികളിലും യമൻ സായുധ സേനയിൽ നിന്നും ജനകീയ പ്രതിരോധ നിരയിൽ നിന്നും ഏൽക്കേണ്ടി വന്ന കനത്ത മനുഷ്യനാശവും തിരിച്ചടികളും മറച്ചുവെക്കാനാണ് ഹൂതികൾ ഇത്തരത്തിലുള്ള വ്യാജ ജയങ്ങൾ നിർമ്മിച്ചെടുക്കുന്നതെന്ന് അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

യമനിലേക്ക് നാശവും അരാജകത്വവും എത്തിച്ച വിദേശ അജണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുന്ന മിലിഷ്യകൾക്കെതിരെ ഉയർന്നുവരുന്ന ശക്തമായ ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യമന്റെ പടിഞ്ഞാറൻ തീരങ്ങളിൽ നിലയുറപ്പിക്കാനുള്ള ഹൂതികളുടെ ശ്രമങ്ങളെ ഒന്നിച്ച് നേരിടുന്ന യമൻ സേന, കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ മാത്രം ഏകദേശം 5,000-ത്തോളം ഹൂതി പോരാളികളെ വധിച്ചതായി പ്രദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ വിവിധ മുൻനിരകളിൽ ഹൂതികൾക്ക് നേരെ അതിശക്തമായ ആകാശ-കര വ്യോമാക്രമണങ്ങളാണ് യമൻ സേന നടത്തുന്നത്.

യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ആർട്ടിലറികൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉപയോഗിച്ച് ഹൂതി കേന്ദ്രങ്ങൾക്കും സൈനിക നീക്കങ്ങൾക്കും നേരെ കഴിഞ്ഞ ദിവസം മാത്രം 257 കൃത്യമായ പ്രത്യാക്രമണങ്ങൾ നടത്തിയതായി യമൻ സായുധ സേനാ വക്താവ് കേണൽ മജീദ് അൽ നുസൈലി സ്ഥിരീകരിച്ചു. തായിസ് മുൻനിരകൾക്ക് പുറമെ സൻആ, മിദി, ബാഖിം, അൽ ജൗഫ്, മആരിബ്, അൽ ബൈദാ, ലാഹിജ് തുടങ്ങിയ പ്രദേശങ്ങളിലെ ഹൂതി കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആയുധ-സെെനിക സംഭരണ കേന്ദ്രങ്ങൾ, കൺവോയുകൾ എന്നിവ പൂർണ്ണമായി തകർത്തതായും സഖ്യസേന അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles