കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും ധാർമ്മികതയില്ലായ്മയുമാണെന്ന് വിമർശിച്ച് സി.പി.ഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരിയുടെ ലേഖനം. താൻ തീരുമാനിക്കുമെന്നും എല്ലാം താനാണെന്നുമുള്ള ഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ലെന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ച ശൈലിയല്ലിതെന്നും ലേഖനത്തിൽ കടുപ്പിച്ചു പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എൽ.ഡി.എഫിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കുന്നതിനായാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം എന്ന നിർദ്ദേശം സി.പി.ഐ മുന്നോട്ടുവെച്ചത്. ഈ വിഷയം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കവേയാണ് അതിനെയെല്ലാം മറികടന്ന് ഏകപക്ഷീയമായ പ്രസ്താവനയുമായി പിണറായി വിജയൻ രംഗത്തെത്തിയത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം എന്നത് കേവലം വ്യക്തിഗതമല്ല, മറിച്ച് ഒരു രാഷ്ട്രീയ വിഷയമാണ്. അതിനാൽ പ്രതിപക്ഷ നേതാവിന് സ്വന്ത നിലയിൽ മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സത്യൻ മൊകേരി വ്യക്തമാക്കുന്നു.
തർക്കങ്ങൾ എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന ധാരണയിൽ മുന്നോട്ടുപോകുമ്പോൾ, വാർത്താസമ്മേളനം വിളിച്ച് പിണറായി നടത്തിയ ഏകപക്ഷീയ പ്രഖ്യാപനങ്ങൾ മുന്നണിയെ ശക്തിപ്പെടുത്താനാണോയെന്നും ജനയുഗത്തിലൂടെ ചോദിക്കുന്നു. “മുന്നണി ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതല്ലെന്നും, പങ്കാളിത്തവും സഹകരണവുമാണ് ഉണ്ടാകേണ്ടത്” എന്ന ജോർജി ദിമിത്രോവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ലേഖനം അവസാനിക്കുന്നത്. മുന്നണിയിലെ മറ്റ് പാർട്ടികളുടെ സ്വാതന്ത്ര്യത്തെയും ആശയങ്ങളെയും മാനിക്കണമെന്നും എല്ലാം തനിയെ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.



