ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴ് വയസ്സുകാരി മലയാളി ബാലിക മരിച്ചു

ഷാർജ: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഷാർജയിൽ കാസർകോട് സ്വദേശികളുടെ ഏക മകൾക്ക് ദാരുണാന്ത്യം. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ (7) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

വീട്ടിലെ മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാല വഴി അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പതിനൊന്ന മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ സംഭവസമയത്ത് പിതാവ് മുബാറക് മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്.

വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബത്തോടൊപ്പം ഇവർ തിരികെ എത്തിയത്. ദുബായിലെ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുബാറക് അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച സഫ. കഴിഞ്ഞ എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന മുബാറക്-മുർഷിദ ദമ്പതികളുടെ ഏക മകളാണ് സഫ. കുട്ടിയുടെ മൃതദേഹം നിലവിൽ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles