വെസ്റ്റ് ബാങ്കിൽ മസ്ജിദുകൾക്ക് നേരെ ആക്രമണം: തീകൊളുത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ രണ്ട് മസ്ജിദുകൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും അതിക്രമം. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമമായ ബസാരിയയിലെ ‘നൂർ അൽ-ദിൻ സാങ്കി’ മസ്ജിദിന് നേരെ ഇസ്രായേലി കുടിയേറ്റക്കാർ തീകൊളുത്തുകയും, മസ്ജിദിന്റെ ഭിത്തികളിൽ വംശീയ അധിക്ഷേപങ്ങളും ഭീഷണി സന്ദേശങ്ങളും എഴുതിവെക്കുകയും ചെയ്തു. ഇതിന് സമീപത്തുള്ള മറ്റൊരു മസ്ജിദിൽ പ്രാർത്ഥനയിലായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേൽ സൈന്യം കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതായി അൽജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക നടപടിയെ തുടർന്ന് മസ്ജിദിനുള്ളിലുണ്ടായിരുന്ന നിരവധിയാളുകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തു.

ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്നും മേഖലയിൽ വലിയ വംശീയ-മത സംഘർഷങ്ങൾക്ക് വഴിതുറക്കുമെന്നും ഫലസ്തീൻ മതകാര്യമന്ത്രാലയവും പ്രസിഡൻസിയും മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബർ 7 മുതൽ 2026 ജൂലൈ വരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 1,122 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എൻ ദുരിതാശ്വാസ ഏജൻസിയായ ഒ.സി.എച്ച്.എ (OCHA) വ്യക്തമാക്കുന്നു. ഇതിൽ 76 പേർ ഈ വർഷം മാത്രം കൊല്ലപ്പെട്ടവരാണ്.

ജൂലൈ 28-നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ മാത്രം ഇസ്രായേലി സൈന്യവും കുടിയേറ്റക്കാരും നടത്തിയ 35-ഓളം ആക്രമണങ്ങളിൽ 37 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ 13 മസ്ജിദുകൾക്ക് നേരെയാണ് ഇസ്രായേലി സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണമുണ്ടായത്. തുടർച്ചയാകുന്ന ഈ അതിക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീൻ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles