തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനത്തിന് വിധേയനായി സസ്പെൻഷനിലായി ഒരു മാസം പിന്നിട്ടിട്ടും പൂർണ്ണ സുരക്ഷാ അകമ്പടിയോടെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. നിലവിൽ ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒപ്പമുള്ളത്. എ.ഡി.ജി.പി പദവിയിലുള്ള ഉദ്യോഗസ്ഥന് പേഴ്സണൽ സ്റ്റാഫായി ഔദ്യോഗികമായി നാല് പോലീസ് ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കാമെന്നിരിക്കെയാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി വൻ സുരക്ഷാ വ്യൂഹം ഇദ്ദേഹത്തോടൊപ്പം തുടരുന്നത്.
നിയമപ്രകാരം സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥന്റെ കൂടെയുള്ള സേവനം ഔദ്യോഗിക ഡ്യൂട്ടിയായി കണക്കാക്കാനാവില്ല. ബാക്കിയുള്ള ജീവനക്കാരെ വകുപ്പിലേക്ക് തിരികെ അയക്കണമെന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തിൽ എ.ഡി.ജി.പിയോടൊപ്പം ജോലി ചെയ്യുന്ന പോലീസുകാർക്ക് ഡ്യൂട്ടി ഹാജർ രേഖപ്പെടുത്താനോ ശമ്പളം കൈപ്പറ്റാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. സുരക്ഷാ ജീവനക്കാരുടെ ഹാജരും ശമ്പളവും മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷം ശക്തമാകുന്നുണ്ട്.



