ദുബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായതിനെ തുടർന്ന് യു.എ.ഇയിൽ നിന്നുള്ള വിമാന സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ. മേഖലയിലെ വ്യോമാതിർത്തിയിലുണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്ന് ദുബൈ, അബുദബി, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തേണ്ട 20-ഓളം വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.
ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബൈ, എയർ അറേബ്യ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി സർവീസുകളെയാണ് ഈ പ്രതിസന്ധി ബാധിച്ചത്. ഷാർജയിൽ നിന്ന് ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള എയർ അറേബ്യയുടെ സർവീസുകൾ റദ്ദാക്കി. ദുബൈയിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ മുംബൈ (SG 5113) സർവീസ് റദ്ദാക്കിയപ്പോൾ ഡൽഹി വിമാനം മണിക്കൂറുകൾ വൈകിയാണ് പുറപ്പെട്ടത്. ദുബൈ-കൊച്ചി സ്‌പൈസ് ജെറ്റ് (SG 5118) സർവീസ് 16 മണിക്കൂറോളമാണ് വൈകിയത്. കൂടാതെ നിയോം, ഡമാസ്‌കസ്, ബാഗ്ദാദ്, കെയ്‌റോ, കാബൂൾ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈദുബൈ, എമിറേറ്റ്‌സ് സർവീസുകളും എയർ ഇന്ത്യയുടെ ഡൽഹി സർവീസും (AI 4309) സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
അബുദബിയിൽ നിന്ന് പുറപ്പെടേണ്ട ഇത്തിഹാദ് വിമാനവും എയർ അറേബ്യയുടെ ടിബിലിസി, താഷ്‌കെന്റ് സർവീസുകളും മണിക്കൂറുകൾ വൈകിയാണ് യാത്ര തിരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് അബുദബിയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസിനെയും (6E1439) മേഖലയിലെ സംഘർഷം പ്രതികൂലമായി ബാധിച്ചു. മധ്യപൂർവേഷ്യയിൽ സൈനിക നീക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതത് എയർലൈനുകളുടെ കസ്റ്റമർ കെയറുമായോ വെബ്‌സൈറ്റുമായോ ബന്ധപ്പെട്ട് സർവീസ് സമയം യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.



