ന്യൂഡൽഹി: വാർത്താ റിപ്പോർട്ടിങ്ങിനിടെ തങ്ങളെ ക്രൂരമായി മർദ്ദിക്കുകയും വർഗീയമായി അധിക്ഷേപിക്കുകയും ചെയ്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ സാകേത് പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. യൂട്യൂബ് മാധ്യമ സ്ഥാപനമായ ‘4PM ന്യൂസ് നെറ്റ്വർക്കി’ന്റെ ഫ്രീലാൻസ് മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവരാണ് നീതി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പങ്കെടുത്ത ഔദ്യോഗിക പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഭരണകൂടവുമായി ബന്ധപ്പെട്ട സൈക്കിൾ വിതരണ അഴിമതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പോലീസ് തങ്ങളെ ബലംപ്രയോഗിച്ച് സാകേത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ ആരോപിക്കുന്നു. സ്റ്റേഷനിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരടക്കം ലാത്തിയും വടിയും ഉപയോഗിച്ച് തല്ലിച്ചതച്ചതായി ഇരുവരും വ്യക്തമാക്കി. ഫോൺ വിളികളിൽ നിന്ന് തങ്ങളുടെ ‘ഖാൻ’ എന്ന പേരും മുസ്ലിം സ്വത്വവും തിരിച്ചറിഞ്ഞതോടെ വിദ്വേഷപരമായ പരാമർശങ്ങളോടെ മർദ്ദനം കൂടുതൽ കടുപ്പിക്കുകയായിരുന്നുവെന്ന് ഷഹീൻ ഖാൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് എയിംസ് (AIIMS) ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
എന്നാൽ മാധ്യമപ്രവർത്തകരുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) അനന്ത് മിത്തൽ, വി.വി.ഐ.പി സുരക്ഷാ പാതയിൽ ഇരുചക്ര വാഹനം നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ശാരീരിക മർദ്ദനം ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചു. അതേസമയം, സംഭവത്തിൽ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ (PCI), ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് (IWPC), ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (DUJ), കെ.യു.ഡബ്ല്യു.ജെ (KUWJ) തുടങ്ങിയ പ്രമുഖ മാധ്യമ സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടു.



