എസ്‌ഐആർ: മുസ്‌ലിംകളെ ലക്ഷ്യമിടാനുള്ള ഉപകരണമാകരുത്; മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി

ഭുവനേശ്വർ: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികൾ മുസ്‌ലിം വോട്ടർമാരെ ‘ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ’ എന്ന് മുദ്രകുത്തി ലക്ഷ്യമിടാനുള്ള ഉപകരണമായി മാറരുതെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി. ഒഡിഷ ലിറ്റററി ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് നിലവിലെ വോട്ടർ പട്ടിക പരിഷ്‌കരണ പ്രക്രിയകൾക്കെതിരെ അദ്ദേഹം കടുത്ത ആശങ്കകൾ ഉയർത്തിയത്. വിദേശികളെ കണ്ടെത്താനെന്ന പേരിൽ ദശലക്ഷക്കണക്കിന് പൗരന്മാരെ വീണ്ടും രേഖകൾ ഹാജരാക്കാൻ നിർബന്ധിതരാക്കുന്നത് ജനാധിപത്യത്തിനും മതേതരത്വത്തിനും വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടികയിൽ പേരു ചേർക്കുക എന്നത് പൗരന്മാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും അത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഒരു ആനുകൂല്യമല്ലെന്നും ഖുറേഷി ഓർമ്മിപ്പിച്ചു. നിലവിലെ എസ്.ഐ.ആർ നടപടികൾ വോട്ടർമാരെ ഒഴിവാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൽഹിയിൽ 1.45 കോടി വോട്ടർമാർ ഉണ്ടായിരുന്നത് കരടുപട്ടിക വന്നപ്പോൾ 97.5 ലക്ഷമായും, മഹാരാഷ്ട്രയിൽ 9.78 കോടി ഉണ്ടായിരുന്നത് 7.71 കോടിയായും ചുരുങ്ങിയ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേവലം ഏതാനും മാസങ്ങൾ കൊണ്ട് കോടിക്കണക്കിന് ആളുകളെ പട്ടികയിൽ നിന്ന് പുറത്താക്കുന്നതിനെ ‘ജനസംഖ്യാ നിയന്ത്രണത്തിനുള്ള എസ്.ഐ.ആർ വിദ്യ’ എന്ന് മുൻപ് മാധ്യമങ്ങളിൽ എഴുതിയ ലേഖനത്തിലൂടെ അദ്ദേഹം പരിഹസിച്ചിരുന്നു.

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ആളുകളുടെ എണ്ണം വച്ചല്ല പരിഷ്‌കരണത്തിന്റെ വിജയം അളക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ രജിസ്റ്ററുകൾ കുറ്റമറ്റതാക്കേണ്ടത് ആവശ്യമാണെങ്കിലും, സാങ്കേതിക രജിസ്റ്ററുകളേക്കാൾ പ്രധാനം ജീവനുള്ള മനുഷ്യരാണെന്ന് അധികാരികൾ തിരിച്ചറിയണം. ഇന്ത്യയുടെ പരമ്പരാഗത മതേതര സ്വഭാവം നിലവിൽ ഭീഷണിയിലാണെങ്കിലും ഈ പ്രതികൂല സാഹചര്യം താത്കാലികം മാത്രമാണെന്നും ‘ഇന്ത്യയുടെ ആത്മാവ്’ ഒടുവിൽ വിജയം കാണുമെന്നും ഖുറേഷി പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles