‘നുണപ്രചാരണങ്ങളിലൂടെ തകർത്തുകളയാമെന്ന് കരുതേണ്ട’; പിണറായി വിജയൻ

കണ്ണൂർ: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വ്യക്തിപരമായും സി.പി.ഐ.എമ്മിനെയും എൽ.ഡി.എഫിനെയും രാഷ്ട്രീയമായും തകർത്തുകളയാമെന്ന് ആരും കരുതേണ്ടതില്ലെന്ന് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഇത്തരം ദുർമോഹങ്ങളുമായി നടക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും ഏതൊരു തിരിച്ചടിയെയും അതിജീവിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് വാർത്താസമ്മേളനം വിളിച്ച് മറുപടി പറയുന്ന പതിവ് തനിക്കില്ലെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച കാലഘട്ടത്തിന് മുമ്പും ശേഷവും പലതരത്തിലുള്ള കടുത്ത കടന്നാക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. അവയൊന്നും വ്യക്തിപരമായി തനിക്കെതിരെയല്ല, മറിച്ച് പ്രസ്ഥാനത്തിന് നേരെയാണെന്ന വ്യക്തമായ തിരിച്ചറിവോടെയാണ് ചെറുത്തുതോല്പിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തളർത്താൻ ചരിത്രത്തിൽ പലപ്പോഴും ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചിട്ടുണ്ട്. 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങളാണ് തനിക്കെതിരെ ഉയർന്നത്. കോവിഡ് മഹാമാരിയുടെ സമയത്തുപോലും സർക്കാരിനെ വീഴ്ത്താൻ ഗൂഢശ്രമങ്ങൾ നടന്നു.

ഡാറ്റ ചോർച്ച ആരോപണവും ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയെന്ന ഉന്നയിച്ച ആക്ഷേപങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഈ ആരോപണങ്ങളിലൊന്നും തെളിവില്ലാത്തതിനാൽ നിയമത്തിന് മുന്നിൽ നിലനിന്നില്ലെന്നും ജനങ്ങൾ അവയെല്ലാം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിഞ്ഞെന്നും പിണറായി ചൂണ്ടിക്കാട്ടി. നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞാണ് 2021-ൽ ജനങ്ങൾ എൽ.ഡി.എഫിന് ചരിത്രപരമായ തുടർഭരണം നൽകിയത്. തുടർഭരണത്തിന് ശേഷം ഭരണത്തെയും പാർട്ടിയെയും അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പിയും പരസ്യമായി കൈകോർക്കുകയായിരുന്നു. 2026-ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷവും വേട്ടയാടൽ സമീപനത്തിൽ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles