മണിപ്പൂരിൽ വീണ്ടും ആക്രമണം: കുക്കി വനിത കൊല്ലപ്പെട്ടു; ഭർത്താവിനും കൈക്കുഞ്ഞിനും വെടിയേറ്റു

ഗുവാഹത്തി: വംശീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്ന മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ. താമെങ്ലോങ് ജില്ലയിലെ ടൊള്ളെനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കുക്കി വിഭാഗത്തിൽപ്പെട്ട യുവതി കൊല്ലപ്പെട്ടു. ലിങ്ഗായ് സിങ്സിറ്റ് എന്ന സ്ത്രീയാണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ ഭർത്താവ് സെയിനെ സിങ്സിറ്റിനും കൈക്കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.

തലസ്ഥാനമായ ഇംഫാലിനെയും ജിരിബാമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത-37-ന് സമീപമുള്ള, കുക്കി വിഭാഗക്കാർ ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിന് നേരെ അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും നിതംബത്തിലും വെടിയേറ്റിട്ടുണ്ട്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ദമ്പതികളുടെ മറ്റ് കുട്ടികളെ കാണാതായത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും പിന്നീട് സുരക്ഷിതമായി കണ്ടെത്തി.

വെടിവെപ്പ് ശബ്ദം കേട്ട് സമീപത്ത് നിലയുറപ്പിച്ചിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സ്ഥലത്തേക്ക് കുതിച്ചെത്തി അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. പരിക്കേറ്റ പിതാവിനെയും കൈക്കുഞ്ഞിനെയും കൂടുതൽ ചികിത്സയ്ക്കായി ജിരിബാമിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

തീവ്രവാദി ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 1990-കളിലെ വംശീയ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് കുക്കി സമൂഹം ‘കറുത്ത ദിന’മായി (Black Day) ആചരിക്കുന്ന ദിനത്തിൽ തന്നെ ആക്രമണം നടന്നത് പ്രദേശത്ത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles