പിണറായിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്; വി.ഡി. സതീശന് നിവേദനം നൽകി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായിക്കും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ മുന്നിലുള്ളൂവെന്നും കേസുകളിൽ അവരുടെ പങ്ക് വ്യക്തമാക്കുന്ന നിർണായക തെളിവുകളും രേഖകളും വൈകാതെ പുറത്തുവിടുമെന്നും സ്വപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ കേസുകൾ ഉണ്ടാക്കി പിണറായി വിജയൻ തന്റെ ജീവിതം തകർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. പിണറായിക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിൽ നിവേദനം നൽകിയതായും സ്വപ്ന വെളിപ്പെടുത്തി.

കെ.എസ്.ഐ.ടി.ഐ.എല്ലിൽ ജോലി നേടാൻ താൻ വ്യാജരേഖകൾ ഒന്നും നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കിയ സ്വപ്ന, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് തനിക്ക് നിയമനം ലഭിച്ചതെന്നും അവകാശപ്പെട്ടു. യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന തനിക്ക് ഇൻറർവ്യൂ പോലുമില്ലാതെയാണ് ജോലി നൽകിയത്. 1.07 ലക്ഷം രൂപയായിരുന്നു തനിക്ക് ലഭിച്ച സാലറിയെങ്കിലും, വിവാദങ്ങൾക്ക് ശേഷമാണ് ശമ്പളം മൂന്നേകാൽ ലക്ഷം രൂപയായിരുന്നു എന്ന് താൻ അറിയുന്നതെന്നും ബാക്കി തുക ആര് കൊണ്ടുപോയെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു. ബിരിയാണി ചെമ്പിൽ ക്ലിഫ് ഹൗസിലേക്ക് സ്വർണം കടത്തിയിട്ടുണ്ടെന്നും എന്നാൽ ആ ചെമ്പ് പിന്നീട് എവിടെപ്പോയി എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

പിണറായി വിജയനും കുടുംബത്തിനും അമേരിക്കയിലും യു.എ.ഇയിലും ബിസിനസ് സംരംഭങ്ങളുണ്ടെന്നും ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനു വേണ്ടിയാണെന്നും സ്വപ്ന ആരോപിച്ചു. സ്വർണക്കടത്ത്, ഡോളർ കടത്ത്, കെ-ഫോൺ, കെ-റെയിൽ, സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകളിലെല്ലാം സമാനമായ അഴിമതി രീതിയാണുള്ളത്. മുൻ ശിവശങ്കർ നൽകിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും തൻ്റെ പക്കലുണ്ടെന്നും കേസിന്റെ തുടർനടപടികളിൽ തടസ്സമുണ്ടായാൽ അവ പുറത്തുവിടുമെന്നും സ്വപ്ന മുന്നറിയിപ്പ് നൽകി. കോടതിയുടെ പരിഗണനയിലുള്ള 164 മൊഴിയും രേഖകളും പുറത്തുവരുന്നതോടെ മുൻ മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് പ്രതിക്കൂട്ടിലാകുമെന്നും അവർ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles