ഗുവാഹത്തി: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് താഴേക്ക് ചാടി മരിച്ചു. ഗുവാഹത്തി സ്വദേശിയായ രാമാനുജ് ഗോസ്വാമി (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി ഹാതിഗാവ് പോലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്ന വഴിയാണ് സംഭവം. നരകാസുർ പഹറിന് സമീപത്തുവെച്ച് പെട്ടെന്ന് അക്രമാസക്തനായ പ്രതി, കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ഗുവാഹത്തി ഈസ്റ്റ് ഡി.സി.പി തബു റാം പെഗു അറിയിച്ചു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെപ്റ്റംബർ മൂന്നിനാണ് രാമാനുജ് ഗോസ്വാമി ഭാര്യ റിയ താലുക്ദാറിനെ ഗുവാഹത്തിയിലെ ഫ്ലാറ്റിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആറുമാസം മുമ്പ് മാത്രം വിവാഹിതരായ ഇവർ തമ്മിൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തർക്കങ്ങൾ നിലനിന്നിരുന്നു. ദിവസങ്ങളോളം ഇവരെ പുറത്തുകാണാതിരിക്കുകയും ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്തതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. യുവതിയുടെ ശരീരഭാഗങ്ങൾ അഴുകിയ നിലയിൽ മുറിയിൽ കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പോളിത്തീൻ കവറിലാക്കിയ നിലയിൽ അറുത്തുമാറ്റിയ തല ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞ അതേദിവസം തന്നെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.



