തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സമഗ്രമായ അഴിച്ചുപണി. മുതിർന്ന നേതാവ് പി. ജയരാജൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. അതേസമയം, മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് പി. ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുന്നത്.
സംസ്ഥാന സമിതിയിൽ യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം ഉറപ്പാക്കി ഒമ്പത് പുതിയ ക്ഷണിതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.എൽ.എമാരായ എം. വിജിൻ, ഒ.എസ്. അംബിക എന്നിവർക്ക് പുറമെ യുവനേതാക്കളായ ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ്, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി, എം. ശിവപ്രസാദ്, പ്രഭാ വർമ്മ, എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരാണ് സംസ്ഥാന സമിതിയിലെ പുതിയ ക്ഷണിതാക്കൾ. പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും ഭരണ-സംഘടനാ ഏകോപനം ശക്തമാക്കുന്നതിനുമാണ് ഈ അഴിച്ചുപണി നടത്തിയത്.
അതിനിടെ, കോഴിക്കോട്ട് ചേർന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതായും സൂചനയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും പാർട്ടിയിലെ തിരുത്തൽ പ്രക്രിയ മന്ദഗതിയിലായതും ചർച്ചയായ യോഗത്തിൽ, നേതൃത്വത്തിന് സംഭവിച്ച വീഴ്ചകൾ തുറന്നുപറഞ്ഞുകൊണ്ട് വിവിധ ജില്ലാ കമ്മിറ്റി പ്രതിനിധികൾ നിലപാടെടുത്തു. ഭരണപരമായ പാളിച്ചകളും പാർട്ടി നയങ്ങളിലെ പിഴവുകളും കൃത്യമായി വിലയിരുത്താൻ നേതൃത്വം തയ്യാറാകണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്.



