ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വിദ്യാർത്ഥി സംവാദ പരിപാടിയെ ‘ജൂഠ് കി ഗൂഞ്ച്’ (നുണകളുടെ പ്രതിധ്വനി) എന്ന് പരിഹസിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് ശക്തമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ വർദ്ധിച്ചുവരുന്ന ജനപിന്തുണയും രാഷ്ട്രീയ സ്വാധീനവും ബി.ജെ.പിയെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും, പപ്പു എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് മുന്നിൽ രാഹുൽ ഗാന്ധി ഇപ്പോൾ ‘പപ്പ’യായി മാറിയെന്നും കോൺഗ്രസ് മുതിർന്ന നേതാവ് പി.സി. ശർമ്മ തിരിച്ചടിച്ചു.
രാഹുൽ ഗാന്ധി ജന്തർ മന്തറിൽ യുവാക്കൾക്ക് വേണ്ടി സംസാരിക്കാൻ എത്തിയത് മുതൽ ബി.ജെ.പി കടുത്ത ആശങ്കയിലാണെന്ന് പി.സി. ശർമ്മ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് (ANI) പറഞ്ഞു. ചരിത്രത്തിലില്ലാത്ത വിധം പ്രതിപക്ഷ നേതാവിന്റെ പരിപാടിക്ക് 10 ലക്ഷം രൂപ ഡെപ്പോസിറ്റ് വരെ അധികൃതർ ചോദിക്കുന്ന അവസ്ഥയുണ്ടായി. വീട്ടിലുള്ളവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് പപ്പയെയാണെന്നതുപോലെ, ബി.ജെ.പി മുഴുവൻ ഇപ്പോൾ രാഹുൽ ഗാന്ധിയെ ഭയക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 19-ന് ഇൻഡോറിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന പരിപാടിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നടത്തിയത് വ്യക്തിപരമായ അധിക്ഷേപങ്ങളായിരുന്നു. നെഹ്റു കുടുംബം ഡൽഹി ഒഴിവാക്കി റായ്ബറേലിയിലും വയനാട്ടിലും മത്സരിക്കുന്നത് ജനങ്ങൾക്ക് അവരെ അറിയാവുന്നതുകൊണ്ടാണെന്നും, കടൽ തടസ്സമായില്ലായിരുന്നെങ്കിൽ അറബ് രാജ്യങ്ങളിൽ പോയി മത്സരിച്ചേനെയെന്നും ലാഡ്ലി ബെഹ്ന യോജന പരിപാടിയിൽ സംസാരിക്കവെ മോഹൻ യാദവ് പരിഹസിച്ചിരുന്നു. വിദ്യാർത്ഥികളെ അണിനിരത്തിയുള്ള രാഹുൽ ഗാന്ധിയുടെ പരിപാടി നുണ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ ചെലവുകൾ തുടങ്ങിയ വിഷയങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഉന്നയിക്കുന്നതിനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഛാത്രോം കി ഗൂഞ്ച്’ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഈ വിഷയം ജന ശ്രദ്ധ നേടുന്നത് തടയാനാണ് ബി.ജെ.പി ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് വക്താക്കൾ വ്യക്തമാക്കി.



