ബഹിരാകാശത്തെ യുദ്ധക്കളമാക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബീജിങ്: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കുകയും സൈനിക ശേഷി വർധിപ്പിക്കുകയും ചെയ്യുന്നത് നിർത്തിവെക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ചൈന. ഭൂമിയുടെ ഭ്രമണപഥത്തിൽ യുഎസ് സ്പേസ് ഫോഴ്സ് ആദ്യമായി ഉപഗ്രഹ പ്രതിരോധ-നിയന്ത്രണ ആയുധങ്ങൾ വിന്യസിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബീജിങ്ങിന്റെ കടുത്ത പ്രതികരണം. ബഹിരാകാശത്തെ ആയുധവൽക്കരിക്കുന്നതും യുദ്ധക്കളമാക്കുന്നതും അന്താരാഷ്ട്ര സുസ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബഹിരാകാശത്ത് ആയുധപ്പന്തയത്തിന് വഴിവെക്കുന്ന നടപടികളിൽ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ചൈന എപ്പോഴും നിലകൊള്ളുന്നത്. അതിനാൽ തന്നെ ബഹിരാകാശത്തെ ഒരു യുദ്ധരംഗമാക്കി മാറ്റുന്നതിനോട് യോജിക്കാനാകില്ലെന്നും, ആഗോള തന്ത്രപ്രധാനമായ സ്ഥിരത കാത്തുസൂക്ഷിക്കാൻ യുഎസ് തയ്യാറാകണമെന്നും ചൈന കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ ചെറുക്കാനാണ് ബഹിരാകാശത്ത് പ്രതിരോധ ആയുധങ്ങൾ വിന്യസിച്ചതെന്നാണ് അമേരിക്കൻ സ്പേസ് ഫോഴ്സിന്റെ വാദം. എന്നാൽ ബഹിരാകാശം പൂർണ്ണമായും ആയുധമുക്തമായിരിക്കണമെന്ന് റഷ്യയും നിലപാടെടുത്തു. ഭൂമിയുടെ ഭ്രമണപഥത്തിലെ ആയുധ വിന്യാസം പരസ്യമാക്കിയതിലൂടെ ഇരു വൻശക്തി രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

Related Articles

- Advertisement -spot_img

Latest Articles