റിപ്പോർട്ടർ ടി.വി ഹെഡ് ഓഫീസിൽ പോലീസ് പരിശോധന; മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായി പരാതി

കൊച്ചി: മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കൊച്ചിയിലുള്ള ഹെഡ് ഓഫീസിൽ പുലർച്ചെ പോലീസ് മിന്നൽ പരിശോധന നടത്തി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം, ഓഫീസിൽ ജോലിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെയും സാങ്കേതിക പ്രവർത്തകരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ ബലമായി പിടിച്ചുവെച്ചതായി ചാനൽ അധികൃതർ ആരോപിച്ചു.

മാധ്യമപ്രവർത്തകരും സാങ്കേതിക ജീവനക്കാരും മാത്രം പ്രവേശിക്കുന്ന സുപ്രധാന മേഖലയായ ന്യൂസ് ഡെസ്കിലേക്ക് പോലീസ് സംഘം അനുവാദമില്ലാതെ പ്രവേശിക്കുകയും തൽസമയ വാർത്താ പ്രക്ഷേപണത്തിനും ജോലികൾക്കും തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി വിവരമുണ്ട്. എന്നാൽ, ഓഫീസിൽ നടന്ന ഈ അടിയന്തര പരിശോധനയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെയോ (ഡി.ജി.പി) മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയോ മുൻകൂർ അനുമതിയോ ഉത്തരവോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക സൂചനകൾ.

പോലീസിന്റെ നടപടിക്കെതിരെ മാധ്യമപ്രവർത്തകർക്കിടയിലും സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലും വൻ അമർഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും മാധ്യമ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറിയും പോലീസ് നടത്തിയ ഈ നടപടിയെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Related Articles

- Advertisement -spot_img

Latest Articles