ഹായിൽ: ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഹായിൽ ഐസിഎഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അൽ ഹബീബ് മെഡിക്കൽ സെന്റർ പരിപാടിയുടെ പ്രധാന സ്പോൺസർ ആയിരുന്നു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ,ദ ദാറുൽഖൈർ ഭവന പദ്ധതി പ്രഖ്യാപനം,സ്ത്രീകൾക്കുള്ള വിജ്ഞാനപരീക്ഷ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. ഹായിലിലെ പ്രവാസി സമൂഹത്തിന് ഹൃദ്യമായ അനുഭവമായി മാറിയ ഈ സംഗമം സാമൂഹിക ഐക്യത്തിന്റെ മികച്ച മാതൃകയായി മാറി.
ബർസാൻ അൽമാസ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐസിഎഫ് സൗദി നാഷണൽ സെനറ്റ് അംഗം എൻജിനീയർ ബഷീർ നെല്ലളം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് ഒത്തുകൂടാനും പരസ്പര സ്നേഹവും സൗഹൃദവും പങ്കിടാനും ചടങ്ങ് വേദിയായി. മുനീർ സഖാഫി വെണ്ണക്കോട് മീലാദ് സന്ദേശപ്രഭാഷണം നടത്തി. ഐസി എഫ് ഹായിൽ പാലക്കാട് ജില്ലയിൽ നിർമ്മിച്ച് നൽകുന്ന ദാറുൽഖൈർ ഭവന പദ്ധതിയുടെ പ്രഖ്യാപനം അബ്ദുൽ റഹ്മാൻ മദനി കൊടുവള്ളി നിർവ്വഹിച്ചു. ചടങ്ങിൽ ഐസിഎഫിന്റെ ലഹരിവിരുദ്ധ പ്രതിജ്ഞ മീഡിയ സെക്രട്ടറി അബ്ദുൽ സമദ് തച്ചണ ചൊല്ലിക്കൊടുത്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ മാള, ഖൈദർ അലി ഖാസിം , ജസീൽ കുന്നക്കാവ്, ഹബീബ് മെഡിക്കൽ എംഡി നിസാം പറക്കോട്ട്, ഷിമാൾ അലി മുഹമ്മദ് ഹാജി ,മനോജ് സിറ്റി ഫ്ലവർ, സോമരാജ്, ഡോ: മുഹമ്മദ് സാദീഖ്, അഷറഫ് നരിക്കുനി, ഖാദർ കൊടുവള്ളി, അബ്ദുൽ റഹ്മാൻ ഓമശ്ശേരി, റിഷാബ് കാന്തപുരം തുടങ്ങിയ ഹായിൽ പ്രവാസി സമൂഹത്തിലെ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഐസിഎഫ് ഹായിൽ റിജിയൻ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗാർ അധ്യക്ഷത വഹിച്ച സംഗമത്തിന് ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി സ്വാഗതവും ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.
റിപ്പാർട്ട് : അഫ്സൽ കായംകുളം.



