സൗദി അറേബ്യ അമേരിക്കയിൽ നിന്ന് ലക്ഷ്യമിടുന്നത് ആയുധങ്ങളല്ല, കൃത്യമായ ഇന്റലിജൻസ് പിന്തുണ: മുൻ നയതന്ത്ര ഉപദേഷ്ടാവ്

റിയാദ്: പടിഞ്ഞാറൻ യമനിൽ ഹൂതി വിമതർക്കെതിരെ ശക്തവും നീണ്ടുനിൽക്കുന്നതുമായ വ്യോമാക്രമണ പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന സൗദി അറേബ്യ, അമേരിക്കയിൽ നിന്ന് ആയുധങ്ങളല്ല മറിച്ച് തന്ത്രപ്രധാനമായ സാങ്കേതിക-ഇന്റലിജൻസ് പിന്തുണയാണ് തേടുന്നതെന്ന് റിപ്പോർട്ട്. സൗദി സർക്കാരിന്റെ മുൻ ഉപദേഷ്ടാവ് നവാഫ് ഉബൈദിനെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഹൂതികൾക്കെതിരായ സൈനിക നടപടി കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിയാദ് വാഷിങ്ടണിന്റെ സഹായം തേടിയിരിക്കുന്നത്.

സൗദി സൈന്യത്തിന്റെ പക്കൽ ആവശ്യത്തിന് മരുന്നും ആയുധശേഖരവും നിലവിലുണ്ടെന്നും, അമേരിക്കയോട് പുതിയ ആയുധങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉബൈദ് വ്യക്തമാക്കി. ഹൂതി കേന്ദ്രങ്ങളും അവരുടെ തന്ത്രപ്രധാന ലൊക്കേഷനുകളും കൃത്യമായി തിരിച്ചറിയുന്നതിനുള്ള ‘ടാർഗെറ്റ് പാക്കേജിംഗ്’, അക്രമണ ലക്ഷ്യങ്ങൾ ഉറപ്പുവരുത്തൽ എന്നിവയ്ക്കുള്ള സഹായമാണ് അമേരിക്കയോട് ചോദിച്ചിട്ടുള്ളത്. ഇതിനായി ജിയോസ്പേഷ്യൽ വിശകലനം, മാപ്പിംഗ്, മറ്റ് അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവയാണ് യു.എസ് സൗദിക്ക് നൽകേണ്ടത്.

മേഖലയിൽ നേരിട്ടുള്ള യു.എസ് സൈനിക ഇടപെടലുകൾ ദൃശ്യമല്ലെങ്കിലും സൗദിയും അമേരിക്കയും തമ്മിൽ ഈ വിഷയത്തിൽ സഹകരണം നിലനിൽക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. വരുന്ന ദിവസങ്ങളിൽ കൂടുതൽ ഏകോപിപ്പിച്ചുകൊണ്ടുള്ള വൻ സൈനിക നീക്കങ്ങൾക്കാവും പടിഞ്ഞാറൻ യമൻ സാക്ഷ്യം വഹിക്കുകയെന്നും, ഇതിനായുള്ള തയ്യാറെടുപ്പുകൾ സൗദി സഖ്യസേന ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles