സുൽത്താൻബത്തേരി: വയനാട്ടിൽ വൻതോതിൽ നിയമവിരുദ്ധമായി വിൽപ്പനയ്ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി രണ്ട് യുവാക്കൾ വനംവകുപ്പിന്റെ പിടിയിലായി. ചെതലയം ആറാംമയിലുള്ള ‘കാസ ഹൊറൈസൺ’ ഹോംസ്റ്റേയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമയിൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്. ഇവരിൽ നിന്ന് ഒരു ജോഡി പൂർണ്ണ കട്ടി ആനക്കൊമ്പുകളും, ചെറിയൊരു കൊമ്പിന്റെ കഷ്ണവും, ഇവ കടത്താനായി ഉപയോഗിച്ച വാഹനവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളാണ് സംഘത്തിന്റെ പക്കൽ നിന്നു കണ്ടെടുത്തിട്ടുള്ളത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം പരിശോധനയ്ക്കെത്തിയത്. കൽപറ്റ വിജിലൻസ്, കുറിച്യാട് റെയിഞ്ച്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം ഹോംസ്റ്റേ വളഞ്ഞാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ആനക്കൊമ്പ് വാങ്ങാൻ വിസിറ്റർമാരായി ആളുകൾ എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാജ ഉപഭോക്താക്കളെന്ന വ്യാജേനയെത്തി സംഘവുമായി കരാർ സംസാരിക്കുകയും, വാങ്ങാനെത്തുന്ന സംഘം എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരെയും തന്ത്രപൂർവ്വം പിടികൂടുകയുമായിരുന്നു.
പ്രതികൾക്ക് ഈ ആനക്കൊമ്പുകൾ എവിടെ നിന്നാണ് ലഭിച്ചത്, വേട്ടയാടൽ സംഘങ്ങളുമായോ വന്യജീവി കടത്ത് ശൃംഖലകളുമായോ ഇതിന് ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.



