ഗാസയിൽ ശാശ്വത സമാധാനം ലക്ഷ്യം; വെടിനിർത്തൽ കരാർ പാലിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരെന്ന് ഖത്തർ അമീർ

ന്യൂയോർക്ക്: ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങളും നയതന്ത്ര ഇടപെടലുകളും ഖത്തർ തുടരുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഗാസയിലെ ക്രൂരമായ രക്തച്ചൊരിച്ചിലിനും ജനങ്ങളുടെ ദുരിതങ്ങൾക്കും വിരാമമിടാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഖത്തർ നടത്തിയിട്ടുണ്ടെന്നും, നിലവിലെ വെടിനിർത്തൽ കരാർ കൂടുതൽ ശക്തമാക്കി ശാശ്വത സമാധാനത്തിലേക്ക് നീങ്ങാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസ വെടിനിർത്തൽ കരാർ പ്രകാരമുള്ള വ്യവസ്ഥകളും ബാധ്യതകളും പൂർണ്ണമായും പാലിക്കാൻ ഇസ്രായേൽ തയ്യാറാകണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. സൈനിക നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കുക, ഗാസ മുനമ്പിൽ നിന്ന് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുക, ഉപരോധം അവസാനിപ്പിക്കുക, നിബന്ധനകളില്ലാതെ അടിയന്തര മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ അനുവദിക്കുക എന്നിവ കരാറിന്റെ ഭാഗമായി ഇസ്രായേൽ നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കരാർ തടസ്സമില്ലാതെ നടപ്പിലാക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തേണ്ട ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്നും അമീർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വാഗ്ദാനങ്ങളും കരാറുകളും സ്ഥിരമായി ലംഘിക്കാൻ ശീലിച്ച ഒരു കക്ഷിയുടെ നിലപാടുകൾക്ക് അനുസരിച്ചായിരിക്കരുത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളെന്നും ഖത്തർ അമീർ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles