ജിദ്ദ: ‘ബി.ഇൻ, ബി മോർ ‘ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നടത്തിവരുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി യുഎഇ നടത്തിയ സൗദി വെസ്റ്റ് നാഷണൽ യാത്ര ‘ഇംപൾസോ’ സമാപിച്ചു.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സർവ്വോന്മുഖമായ വികസനം ലക്ഷ്യമിട്ടുള്ള ആർ.എസ്.സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയെന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സംഘടനയുടെ ആഗോള വ്യാപനത്തോടൊപ്പം ജി.സി.സി രാജ്യങ്ങളിൽ സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കാനും ഈ യാത്ര വഴിയൊരുക്കി.
മക്കയിൽ നിന്ന് ആരംഭിച്ച് മദീനയിൽ സമാപിച്ച യാത്രയിൽ റാബഗ്, ജിസാൻ, അസീർ, അൽബഹ, ത്വാഇഫ്, യാംബു, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, തബൂക് ഉൾപ്പെടെയുള്ള 11 സോണുകൾ സന്ദർശിച്ചു. യാത്ര കടന്നുപോയ ഓരോ കേന്ദ്രങ്ങളിലും ആർ.എസ്.സി സോൺ കമ്മിറ്റികളുടെയും ICF കമ്മറ്റികളുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
സെപ്റ്റംബർ 12, ശനിയാഴ്ച ആരംഭിച്ച് ഒരാഴ്ച നീണ്ടുനിന്ന യാത്ര സെപ്റ്റംബർ 20 ഞായറാഴ്ച സമാപിച്ചു. വിശാലമായ സൗദിയുടെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര പ്രവർത്തകർക്ക് വലിയതോതിലുള്ള സംഘടനാ ഉണർവും പുതിയ അനുഭവവുമാണ് സമ്മാനിച്ചത്.



