ന്യൂയോർക്ക്: മനുഷ്യാവകാശ വിഷയങ്ങളിലും പശ്ചിമേഷ്യൻ സൈനിക നീക്കങ്ങളിലും ഫ്രാൻസ് പുലർത്തുന്ന ‘ഇരട്ടത്താപ്പ്’ നയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് നോവൽ ബാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അരാഗ്ചി ഇറാന്റെ കടുത്ത അമർഷം അറിയിച്ചത്. ഇറാനെതിരെയുള്ള ഫ്രാൻസിന്റെ ഇടപെടലുകളെ വിരൽചൂണ്ടിയ അരാഗ്ചി, തെഹ്റാനിലെ ഫ്രഞ്ച് എംബസി ഇറാന്റെ ദേശീയ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക ആക്രമണങ്ങളിൽ ഫ്രാൻസ് പുലർത്തുന്ന നിലപാട് തികച്ചും സ്വീകാര്യമല്ലാത്തതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ‘മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്ക്’ നേരെ മൗനം പാലിച്ചുകൊണ്ട് ഫ്രാൻസിന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ലെന്ന് തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെയും അരാഗ്ചി വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെങ്കിലും, സമുദ്രപാതയുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സജീവമായി രംഗത്തിറങ്ങാൻ സജ്ജമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അമേരിക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്യുമെങ്കിലും, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് തെഹ്റാൻ ഫ്രാൻസിന് നൽകിയിരിക്കുന്നത്.



