മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാർ വിശദീകരണം നൽകണമെന്ന് എൻ.ഡി.എ ഘടകകക്ഷികൾ; ബി.ജെ.പി പ്രതിസന്ധിയിൽ

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) മറവിൽ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് എൻ.ഡി.എ ഘടകകക്ഷികൾ രംഗത്ത്. കമ്മീഷനുള്ളിലെ ഭിന്നത സംബന്ധിച്ച് ജനങ്ങൾക്ക് മുമ്പാകെ കാര്യങ്ങൾ വ്യക്തമാക്കാൻ കമ്മീഷൻ അംഗങ്ങൾ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. നേരത്തെ എൻ.ഡി.എ ഘടകകക്ഷികളായ തെലുഗുദേശം പാർട്ടി (ടി.ഡി.പി), ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി), രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) എന്നിവരും കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ഉന്നയിച്ച പ്രശ്നങ്ങളിൽ ഗ്യാനേഷ് കുമാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഖ്യകക്ഷികൾ പരസ്യമായി നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തിൽ എൻ.ഡി.എയ്ക്കുള്ളിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്.

ഇതൊരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിഷയമല്ലെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനിൽ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ട വലിയ ഉത്തരവാദിത്തം അംഗങ്ങൾക്കുണ്ടെന്നും എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. മാധ്യമവാർത്തകളിൽ കമ്മീഷൻ വ്യക്തത വരുത്തണമെന്നും എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തുറന്നുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മീഷനിലെ ഭിന്നത ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർത്ഥ വസ്തുത പുറത്തുവിടണമെന്നും എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാനും ആർ.എൽ.എം നേതാവ് ഉപേന്ദ്ര കുഷ്വാഹയും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിൽ നിർണായക ഉത്തരവാദിത്തമുള്ള സ്ഥാപനമാണെന്ന് ടി.ഡി.പി നേതാവ് ലവു ശ്രീകൃഷ്ണ ദേവരായലു ചൂണ്ടിക്കാട്ടി. വിഷയം കത്തിപ്പടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിക്കൂട്ടിലായിട്ടും ബി.ജെ.പി-ആർ.എസ്.എസ് മുതിർന്ന നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്തത് ഭരണപക്ഷത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles