ലഖ്നോ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് രംഗത്ത്. അഴിമതിയും പക്ഷപാതിത്വവും കാണിച്ച ഗ്യാനേഷ് കുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ച വാരണാസി ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഈ കടുത്ത പ്രതികരണം നടത്തിയത്. രാജ്യത്തുടനീളം വിവാദമായി മാറിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചത്.
ഗ്യാനേഷ് കുമാർ അഴിമതിക്കാരനും സത്യസന്ധതയില്ലാത്ത ഉദ്യോഗസ്ഥനുമാണെന്ന് ആരോപിച്ച അജയ് റായ്, ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജയത്തിനായി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിന്നുവെന്ന് കുറ്റപ്പെടുത്തി. വ്യാജമായി വോട്ടുകൾ ചോർത്തിയാണ് ഭരണകൂട രൂപീകരണത്തിന് വഴിയൊരുക്കിയതെന്നും, ഗ്യാനേഷ് കുമാറിന്റെ കാലാവധിയിൽ വോട്ടെടുപ്പ് നടന്ന മുഴുവൻ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ റദ്ദാക്കി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നരേന്ദ്ര മോദിക്കെതിരെ മത്സരരംഗത്തുണ്ടായിരുന്ന അജയ് റായ് 1,52,513 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ വിയോജിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. അതേസമയം, കമ്മീഷനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ സ്വാഭാവിക ഭാഗം മാത്രമാണെന്നും, എടുത്ത എല്ലാ ഉത്തരവുകൾക്കും നിയമപരമായ സാധുതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. എന്നാൽ ഇത്തരം നടപടികൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു.



