മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈ ശിവാജി പാർക്ക് മൈതാനത്ത് സി.ജെ.പി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. പോലീസിന്റെ നടപടിയെ തുടർന്ന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ ഭാരോ ആന്ദോളൻ’ (ജയിൽ നിറയ്ക്കൽ സമരം) സംഘടിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം സ്വേച്ഛാധിപത്യ തന്ത്രങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
പ്രസ്തുത പ്രദേശം ‘സൈലൻസ് സോൺ’ ആണെന്നും ബോംബെ ഹൈക്കോടതിയുടെ 2013ലെ ഉത്തരവും സംസ്ഥാന സർക്കാറിന്റെ നിർദ്ദേശങ്ങളും പ്രകാരം ശിവാജി പാർക്കിൽ യോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതി നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നുമാണ് മുംബൈ പോലീസ് നൽകുന്ന വിശദീകരണം. അപേക്ഷകനായ അജിങ്ക്യ ഷിൻഡെയെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, മുംബൈ നഗരത്തിൽ മറ്റ് അനുയോജ്യമായ വേദികൾ തേടി വീണ്ടും അപേക്ഷിച്ചാൽ ഉചിതമായ രീതിയിൽ പരിഗണിക്കാമെന്നും പോലീസ് അറിയിച്ചു.
ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സെപ്റ്റംബർ 25ന് അഭിജീത് ദീപ്കെ പ്രഖ്യാപിച്ചിരുന്നു. വോട്ടർപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സി.ജെ.പിയുടെ ഈ സമരാഹ്വാനം. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിലും വെട്ടിക്കളയുന്നതിലും കമ്മീഷൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എല്ലാ തീരുമാനങ്ങളും കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും വിയോജിപ്പുകൾ സാധാരണ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.



