ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദ് ഭാഗികമായി പൊളിച്ചുനീക്കുന്നു; വൻ പ്രതിഷേധവും സംഘർഷവും, കല്ലേറും ലാത്തിച്ചാർജ്ജും

ഇൻഡോർ: ഉജ്ജയിനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃക ആരാധനാലയമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനിടയിലും വൻ പോലീസ് സന്നാഹത്തോടെ ഭരണകൂടം പൊളിച്ചുനീക്കുന്നു. തിങ്കളാഴ്ച രാവിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ ആരംഭിച്ച നടപടി തടയാൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരെ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസ് നടപടിയെ തുടർന്ന് തെരുവിൽ വ്യാപക കല്ലേറുണ്ടാവുകയും പ്രദേശത്ത് ഗുരുതരമായ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്യുകയാണ്.

2028-ൽ നടക്കുന്ന സിംഹസ്ത കുംഭമേള മുന്നോടിയായി, ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035-ന്റെ ഭാഗമായി കാന്താൾ ചൗരഹയ്ക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള റോഡിന് വീതികൂട്ടാനാണ് ഈ പൊളിക്കൽ നടപ്പാക്കുന്നത്. ഇതിനായി പള്ളിയുടെ ജമാഅത്ത് ഖാനയുടെ ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ഹർ ചൗക്ക് ഷാഹി എന്നിവയാണ് നീക്കം ചെയ്യുന്നത്. വഖഫ് സ്വത്തും പൈതൃക കേന്ദ്രവുമായതിനാൽ റോഡ് വികസനം റോഡിന്റെ മറുവശത്തുനിന്ന് സ്ഥലം ഏറ്റെടുത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇൻഡോർ ഹൈകോടതി ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ഗതാഗത സൗകര്യം മുൻനിർത്തി കോടതി ഹരജി തള്ളുകയായിരുന്നു.

നാട്ടുകാരുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് ഉജ്ജയിൻ സിറ്റി പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് 2,000-ത്തോളം വരുന്ന സുരക്ഷാ സേനയെ വിന്യസിച്ച് ബലമായി ബാരിക്കേഡുകൾ സ്ഥാപിച്ച് പൊളിക്കൽ ആരംഭിച്ചത്. ജനവികാരത്തെയും പൈതൃക കേന്ദ്രത്തെയും തകർക്കുന്ന ഭരണകൂടത്തിന്റെ മൃഗീയ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ഇംറാൻ പ്രതാപ് ഗഡി രംഗത്തെത്തി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാതെ ജനവികാരം മാനിച്ച് റോഡിന്റെ മറുവശത്തുനിന്ന് സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറും ഉജ്ജയിൻ ഭരണകൂടവും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles