ഹുറൂബിലുള്ളവർക്കും തൊഴിൽ കരാർ റദ്ദാക്കപ്പെട്ടവർക്കും സ്പോൺസർഷിപ്പ് മാറാം; പുതിയ നിബന്ധനകളുമായി സൗദി ‘ഖിവ’ പ്ലാറ്റ്‌ഫോം

റിയാദ്: തൊഴിലുടമ ഹുറൂബ് (അബ്സന്റ് ഫ്രം വർക്ക്) രേഖപ്പെടുത്തുകയോ തൊഴിൽ കരാർ അവസാനിപ്പിക്കുകയോ ചെയ്ത വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ അനുമതിയുണ്ടെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ (Qiwa) പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിൽ സ്പോൺസർഷിപ്പ് മാറ്റത്തിന് അപേക്ഷിക്കുന്ന തൊഴിലാളി സൗദി അറേബ്യയിൽ എത്തിയതിന് ശേഷം കുറഞ്ഞത് 12 മാസമെങ്കിലും (1 വർഷം) സേവനം പൂർത്തിയാക്കിയിരിക്കണമെന്ന് അധികൃതർ പ്രധാന നിബന്ധനയായി ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ മാറ്റത്തിനും മറ്റ് സേവനങ്ങൾക്കുമുള്ള പ്രധാന നിബന്ധനകളും ഖിവ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ പേരിൽ മുമ്പ് അടയ്ക്കാതെയുള്ള എല്ലാ വർക്ക് പെർമിറ്റ് ഫീസുകളും (Work Permit Fees) പുതിയ തൊഴിലുടമ അടച്ചുതീർക്കേണ്ടതുണ്ട്. ഗവൺമെന്റ് ജീവനക്കാർക്ക് ‘മസാർ’ (Masar) പ്ലാറ്റ്‌ഫോം വഴി ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കി രജിസ്ട്രേഷൻ റദ്ദാക്കിയാൽ മാത്രമേ ഖിവ വഴി പുതിയ തൊഴിൽ കരാറുകൾ ഉണ്ടാക്കാൻ സാധിക്കൂ. അബ്ഷിറിലോ മുഖീമിലോ ‘ഫൈനൽ എക്‌സിറ്റ്’ അല്ലെങ്കിൽ ‘പോയിട്ട് തിരികെ വന്നില്ല’ എന്ന് രേഖപ്പെടുത്തിയ തൊഴിലാളികളെ സ്ഥാപനത്തിന്റെ തൊഴിലാളി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനും സൗകര്യമുണ്ട്. വാണിജ്യ സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യണമെങ്കിൽ ആ സ്ഥാപനം തുടർച്ചയായി 8 ആഴ്ചകളോളം നിതാഖാത് റെഡ് സോണിൽ ആയിരിക്കരുത് (പുതിയ കമ്പനികൾക്ക് ഇതിൽ ഇളവുണ്ട്).

അതേസമയം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ തർക്കങ്ങൾ പരിഹരിക്കുന്നത് ഖിവയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം പ്രശ്നങ്ങൾ മന്ത്രാലയത്തിന്റെ ‘അമിക്കബിൾ സെറ്റിൽമെന്റ്’ വഴിയോ ലേബർ കോർട്ട് വഴിയോ ആണ് തീർപ്പാക്കേണ്ടത്. തീർത്തും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായതിനാൽ ഖിവ വഴി കടലാസ് രേഖകൾ നേരിട്ട് സ്വീകരിക്കുകയോ പരിശോധിക്കുകയോ ചെയ്യില്ല. ‘നഫാത്’ (Nafath) ആപ്പ് വഴിയാണ് ഉപഭോക്താക്കൾ ഖിവ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles