ഗസ: ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ പൂണ്ണമായി തകർന്നടിഞ്ഞ ഗസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 105 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നീണ്ട 17 ദിവസത്തെ തിരച്ചിലിനൊടുവിലാണ് പൂർണ്ണമായും തകർന്ന അൽ താജ് പ്രദേശത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സിവിൽ ഡിഫൻസ് സംഘം ഭൗതികശരീരങ്ങൾ പുറത്തെടുത്തത്. വരിവരിയായി കിടത്തിയ മൃതദേഹങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ബന്ധുക്കളും നാട്ടുക്കാരും അന്തിമോപചാരം അർപ്പിച്ചത്. കൊല്ലപ്പെട്ടത് സമാധാനത്തോടെ ജീവിക്കാൻ അവകാശമുള്ള സാധാരണക്കാരാണെന്നും ജനങ്ങളുടെ സംരക്ഷണം അന്താരാഷ്ട്ര സമൂഹം ഉറപ്പാക്കണമെന്നും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൾ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ പ്രമുഖ ഡോക്ടറായ അലിയ റംസി അൽ-ഹനാവി, അവരുടെ ഭർത്താവ്, നാല് മക്കൾ എന്നിവരുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നു. കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടതോടെ ഇവരുടെ കുടുംബം പൂർണ്ണമായും സിവിൽ രജിസ്റ്ററിൽ നിന്ന് ഇല്ലാതായതായി മാതാവ് തഗ്രീദ് അൽ-ഹനാവി കണ്ണീരോടെ പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് ഈ റസിഡൻഷ്യൽ ബ്ലോക്കിൽ മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നതായും, തകർന്നടിഞ്ഞ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിയാളുകളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫവാസ് സിയാറ വ്യക്തമാക്കി.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 1,431 ഫലസ്തീനികൾ കൊല്ലപ്പെടുകയും 5,026 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ 8 മുതൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 74,000 കവിഞ്ഞു. 1,75,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ ഗസയിലെ 90 ശതമാനത്തോളം അടിസ്ഥാന സൗകര്യങ്ങളും വീടുകളും പൂർണ്ണമായി തകർന്നു തരിപ്പണമായിരിക്കുകയാണ്.



