പടിഞ്ഞാറൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം: പ്രായമായ ക്രിസ്ത്യൻ വനിതയും മകളും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

ഗസ: ഗസ സിറ്റിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള റീമാൽ നഗരത്തിലെ ജനവാസ കേന്ദ്രത്തിന് നേരെ ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രായമായ ക്രിസ്ത്യൻ വനിതയും മകളും ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. റീമാലിലെ അൽ-അസാല  അപ്പാർട്ട്മെന്റ് സമുച്ചയത്തിന് നേരെ യാതൊരു മുൻകൂട്ടി മുന്നറിയിപ്പും നൽകാതെയായിരുന്നു ആക്രമണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ആളുകൾ ഉറങ്ങിക്കിടന്നിരുന്ന പുലർച്ചെ നടത്തിയ ആക്രമണത്തിൽ കെട്ടിടത്തിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് നേരിട്ട് പതിച്ച കൂറ്റൻ ബോംബ് താഴത്തെ നിലകളിലേക്കും തുളച്ചുകയറി വൻ നാശനഷ്ടമുണ്ടാക്കി. ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടുത്തം ഒരു മണിക്കൂറിലേറെ പ്രയത്നിച്ചാണ് ഫലസ്തീൻ സിവിൽ ഡിഫൻസ് സേന അണച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റ ആറ് പേരെയും അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ആയിരക്കണക്കിന് അഭയാർത്ഥികൾ താൽക്കാലിക തമ്പുകളിൽ കഴിയുന്ന മേഖലയിലാണ് ആക്രമണമുണ്ടായത്. ആക്രമണസമയത്തും അതിനു ശേഷവും മേഖലയ്ക്ക് മുകളിലൂടെ ഇസ്രായേലി ഡ്രോണുകളും യുദ്ധവിമാനങ്ങളും കുറഞ്ഞ ഉയരത്തിൽ പറക്കുന്നുണ്ടായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles