നോയിഡയിൽ ഹോട്ടലിന്റെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി; ശരീരം ഛിന്നഭിന്നമായി

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ആകാശചുംബിയായ കെട്ടിടത്തിന്റെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. നോയിഡ സെക്ടർ 94-ലുള്ള പ്രശസ്തമായ ‘സൂപ്പർനോവ സൊസൈറ്റി’ കെട്ടിടത്തിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. മനേസർ സ്വദേശിയായ സംഭവ് ജെയിൻ (35) ആണ് മരിച്ചത്. ഉയർന്ന നിലയിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ ശരീരം രണ്ടായി പിളർന്ന് ഛിന്നഭിന്നമായ നിലയിലായിരുന്നു.

കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എയർബിഎൻബി (Airbnb) വഴി ഓൺ‌‌ലൈനായി ഒരു ദിവസത്തേക്ക് താമസിക്കാനായി സംഭവ് മുറിയെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഇയാൾ ഫ്ലാറ്റിലെത്തിയത്. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് സമീപത്തെ ഫ്ലാറ്റിൽ എസി അറ്റകുറ്റപ്പണിക്കായെത്തിയ തൊഴിലാളികൾ ബാൾക്കണിയിലെ കൈവരിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സംഭവിനെ കണ്ടിരുന്നു. ഇവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് തന്നെ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. സംഭവ് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആത്മഹത്യ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഭവ് ബാൾക്കണിയിൽ നിന്ന് ചാടിയതെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടത്തിലെ സി.സി.ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കടുത്ത കടബാധ്യത മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സംഭവ് സംഭവത്തിന് നാല് ദിവസം മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Related Articles

- Advertisement -spot_img

Latest Articles