പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട്; തുടർനടപടികൾ സ്തംഭിപ്പിച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ടുപോയേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര തുടർനടപടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ ധാരണ. മുൻപ് ഒപ്പുവെച്ച ധാരണാപത്രവുമായി മുന്നോട്ടു പോകണമോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, മാസങ്ങൾ പിന്നിട്ടിട്ടും സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇനി ഒരു യോഗം കൂടി ചേരാനുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം.

വരുന്ന മാർച്ച് 31-ഓടെ പി.എം ശ്രീ പദ്ധതിയുടെ നിലവിലെ സമയപരിധി അവസാനിക്കും. പദ്ധതിയിൽ നിന്നും ഔദ്യോഗികമായി പൂർണ്ണമായി പിന്മാറുന്നത് നിയമക്കുരുക്കുകൾക്ക് വഴിവെച്ചേക്കാമെന്നതിനാൽ, കാലാവധി പൂർത്തിയാകുന്നതുവരെ തുടർനടപടികൾ സ്വീകരിക്കാതെ പദ്ധതി സ്തംഭനാവസ്ഥയിൽ നിലനിർത്താനാണ് സർക്കാർ ആലോചിക്കുന്നത്. പി.എം ശ്രീ ധാരണാപത്രത്തിൽ പൂർണ്ണമായി ഒപ്പുവെക്കാത്തതിനെ തുടർന്ന് സമഗ്ര ശിക്ഷാ കേരള (SSK) വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട ഏകദേശം 1,800 കോടി രൂപയുടെ കേന്ദ്രഫണ്ട് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം തടഞ്ഞുവെച്ചിരിക്കുകയാണ്.

സമാന വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി വിധി വരുന്നതുവരെയും കൂടുതൽ ഉന്നത നിയമോപദേശം തേടിയ ശേഷവും മാത്രമായിരിക്കും വിഷയത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക. അതേസമയം, പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് കടുത്ത എതിർപ്പ് ഉയർത്തുന്നുണ്ട്. കോൺഗ്രസിനുള്ളിലും പദ്ധതിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമാണെന്നിരിക്കെ, വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles