ആലപ്പുഴ: തിങ്കളാഴ്ച മുതൽ കാണാതായിരുന്ന എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ധുവിന്റെയും മകൻ ദേവദത്ത് (19) ആണ് മരിച്ചത്. വലിയഴീക്കൽ പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കായംകുളം പൊഴിക്ക് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം മൃതദേഹം കരയ്ക്കെത്തിക്കുകയും കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
നൂറനാട് പാറ്റൂർ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു ദേവദത്ത്. തിങ്കളാഴ്ച രാവിലെ 9.15-ഓടെ പരീക്ഷ എഴുതാനായി വീട്ടിൽ നിന്ന് പുറപ്പെട്ട ദേവദത്ത് കോളജിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് ശ്രീകുമാർ നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദേവദത്തിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയഴീക്കൽ പാലത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും, കോളജിലേക്ക് കൊണ്ടുപോയ ബാഗും ഫോണും കാറിനുള്ളിൽ നിന്ന് ലഭിക്കുകയും ചെയ്തു.
പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയതായി തിങ്കളാഴ്ച സ്ഥിരീകരിക്കാനാകാത്തതിനാൽ കാര്യമായ തിരച്ചിൽ നടന്നിരുന്നില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. നൂറനാട് സി.ബി.എം ഹൈസ്കൂൾ അധ്യാപികയാണ് മാതാവ് ബിന്ധു. ദേവനയാണ് സഹോദരി.



