തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ (പി.എസ്.സി) പുതിയ അഞ്ച് അംഗങ്ങളുടെ നിയമന കാര്യത്തിൽ ഒടുവിൽ സമവായമായി. ഇതിൽ നാല് ഒഴിവുകൾ കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും നൽകാൻ ധാരണയാവുകയും, അന്തിമ പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു. കോൺഗ്രസിൽ നിന്ന് ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരും മുസ്ലിം ലീഗിൽ നിന്ന് ഷാഫി ചാലിയവുമാണ് പുതിയ പി.എസ്.സി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ കെ.സി. വേണുഗോപാൽ പക്ഷം സുധാമേനോന്റെ പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ അവർ അഹമ്മദാബാദിൽ സ്ഥിരതാമസമാണെന്നും ആ നിർദ്ദേശം അപ്രായോഗികമാണെന്നും മുഖ്യമന്ത്രി നിലപാടെടുത്തതോടെ, പകരം കെ.സി. വിഭാഗം നിർദ്ദേശിച്ച ആർ. സനൽകുമാറിന്റെ പേരിൽ സമവായത്തിലെത്തുകയായിരുന്നു.
അതേസമയം, അഞ്ച് പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചത് മന്ത്രിസഭാ യോഗത്തിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. മതിയായ കൂടിയാലോചനകളില്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും, ഗുരുവായൂർ ദേവസ്വം നിയമനങ്ങളിലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും മന്ത്രി എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. എന്നാൽ അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
താനും മുഖ്യമന്ത്രിയും ചേർന്നാണ് പട്ടിക തയ്യാറാക്കിയതെന്ന് കെ. മുരളീധരൻ വ്യക്തമാക്കിയെങ്കിലും, കെ.പി.സി.സി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും പ്രധാനപ്പെട്ട പല കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അതൃപ്തി രേഖപ്പെടുത്തി. കൂടാതെ, ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ഘടകകക്ഷിയായ ആർ.എസ്.പിയെ അവഗണിക്കുന്നതായി മന്ത്രി ഷിബു ബേബി ജോണും എതിർപ്പറിയിച്ചു. കൂട്ടായ ചർച്ചകളില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിയെ തുടർന്ന് രണ്ടര മണിക്കൂറോളമാണ് മന്ത്രിസഭാ യോഗം നീണ്ടുപോയത്.



