തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിവിധ വിഷയങ്ങളെച്ചൊല്ലി ശക്തമായ തർക്കങ്ങളും ചർച്ചകളും ഉണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി. പിണറായി വിജയന്റെ മന്ത്രിസഭ പോലെ പോക്കറ്റിൽ നിന്ന് കടലാസ് എടുത്താൽ എല്ലാം കണ്ണടച്ച് അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇതെന്നും, ജനാധിപത്യ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളും ഇവിടെ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭയിലെ ഭിന്നത പൂർണ്ണമായും മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടര മണിക്കൂറോളം നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിൽ ഉന്നത വിദ്യാഭ്യാസ ബില്ലിനെക്കുറിച്ചും എൽ.പി.എസ്.ടി സമരത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. പല മന്ത്രിമാരും വ്യത്യസ്തമായ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചില വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ജൂനിയറായ മന്ത്രി വരെ തന്റെ മുഖത്തുനോക്കി അഭിപ്രായം പറയുന്നതാണ് ജനാധിപത്യമെന്നും, അത്തരത്തിലുള്ള ക്രിയാത്മകമായ ചർച്ചകളും വിയോജിപ്പുകളും താൻ ആസ്വദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



