വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ പങ്കെടുത്ത പരിപാടി അലങ്കോലമാക്കി സി.പി.എം; പ്രസംഗം തടസ്സപ്പെടുത്തി, ജീവനക്കാരനെ മർദിച്ചു

കണ്ണൂർ: പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ പങ്കെടുത്ത സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് സി.പി.എം പ്രവർത്തകർ അലങ്കോലമാക്കി. എം.എൽ.എയുടെ ഉദ്ഘാടന പ്രസംഗം കൂവിവിളിച്ച് തടസ്സപ്പെടുത്തുകയും ദൃശ്യങ്ങൾ പകർത്തുകയായിരുന്ന ഓഫീസ് ജീവനക്കാരനെ വേദിയിൽ വെച്ച് വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. സി.പി.എം നേതാക്കളും പ്രവർത്തകരും ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നെന്ന് ആരോപിച്ച വി. കുഞ്ഞികൃഷ്ണൻ, സംഭവത്തിൽ പ്രതിഷേധിച്ച് വേദിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

സി.പി.എമ്മിന് ആധിപത്യമുള്ള തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യം പയ്യന്നൂർ നഗരസഭാ അധ്യക്ഷൻ സരിൻ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ സ്ഥലം എം.എൽ.എയെ ഒഴിവാക്കിയതിനെതിരെ വിവാദമുയർന്നതോടെ സഹകരണ വകുപ്പ് ഇടപെടുകയും, സർക്കാർ ഉത്തരവിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാൻ സംഘാടകർ നിർബന്ധിതരാവുകയുമായിരുന്നു. എം.എൽ.എയെ ഉദ്ഘാടകനാക്കിയ ശേഷവും സരിൻ ശശിയുടെ പേര് രേഖപ്പെടുത്തിയ പഴയ ബോർഡ് തന്നെയാണ് വേദിയിൽ സ്ഥാപിച്ചിരുന്നത്.

ഉദ്ഘാടന പ്രസംഗത്തിനിടെ നിലവിലെ ഭരണത്തെക്കുറിച്ചും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും എം.എൽ.എ പരാമർശിച്ചതോടെ സദസ്സിലുണ്ടായിരുന്ന സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭാരവാഹികളും ബഹളം വെച്ച് പ്രസംഗം തടസ്സപ്പെടുത്തി. ഇതിനിടെ ഫോട്ടോയും വീഡിയോയും പകർത്തുകയായിരുന്ന എം.എൽ.എയുടെ ഓഫീസ് ജീവനക്കാരൻ പ്രസന്നനെ പ്രവർത്തകർ മർദിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചതുമുതൽ തനിക്കെതിരെ രാഷ്ട്രീയമായ അവഗണന തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി എം.എൽ.എയുമായി ചർച്ച നടത്തുകയും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles