ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ രൂക്ഷമായ നയതന്ത്ര-സൈനിക സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വില (ATF) കുതിച്ചുയർന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 6 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിമാന ഇന്ധന വിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വർധനവാണ് ഇന്ധന വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ ഇന്ധനച്ചെലവ് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി നിൽക്കുകയാണ്.
വിമാനക്കമ്പനികളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി മാറ്റിവെക്കേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് മേലുള്ള സാമ്പത്തിക ഭാരം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ചെറിയ തോതിലുള്ള ഈ സർചാർജ് വർധന നടപ്പിലാക്കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. ആഭ്യന്തര റൂട്ടുകളിൽ ദൂരപരിധിക്കനുസരിച്ച് 375 രൂപ മുതൽ 1,300 രൂപ വരെയാണ് ഇന്ധന സർചാർജായി അധികം ഈടാക്കുക.
അന്താരാഷ്ട്ര സർവീസുകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് 1,000 രൂപ മുതൽ 3,000 രൂപ വരെയും, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് 5,500 രൂപയുമാണ് പുതുക്കിയ നിരക്ക്. കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 6,000 രൂപയും, യൂറോപ്പിലേക്കുള്ള ദീർഘദൂര യാത്രകൾക്ക് 10,000 രൂപ വരെയുമാണ് ഇന്ധന സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യത്തിനനുസരിച്ച് സർചാർജ് നിരക്കുകളിൽ തുടർ മാറ്റങ്ങൾ വരുത്തുമെന്നും എയർലൈൻ അധികൃതർ കൂട്ടിച്ചേർത്തു.



