കൊച്ചി: കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിതയുടെ ഭർത്താവ് രംഗത്ത്. ഒരു രാത്രിയും പകലും ഭാര്യ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും, താൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഭാര്യയെന്നും അദ്ദേഹം പറഞ്ഞു. കടുത്ത മാനസിക ആഘാതത്തിലുള്ള യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓൺലൈൻ വഴി കണ്ട തൊഴിൽ പരസ്യം അനുസരിച്ച് ഇന്റർവ്യൂവിന് പോയ യുവതിക്ക് ജോലി ലഭിച്ചതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ജോലി ലഭിച്ചതിന്റെ ആഘോഷമുണ്ടെന്ന് പറഞ്ഞ് ഇടപ്പള്ളിയിൽ ‘ഡിലൈറ്റ്’ എന്ന സ്പാ നടത്തുന്ന ശ്രീരാജും സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും ചേർന്ന് യുവതിയെ ഇടപ്പള്ളിയിലുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ലോഡ്ജിൽ വെച്ച് ഈ സ്ത്രീ യുവതിക്ക് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകുകയും ബിയറും ലഹരിവസ്തുക്കളും കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നു.
അപകടം മണത്ത യുവതി രക്ഷപ്പെടാനായി ബാത്റൂമിൽ കയറി വാതിലടച്ചെങ്കിലും പ്രതികൾ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയിലായ യുവതി പിന്നീട് ബോധം വീണ്ടുകിട്ടിയപ്പോൾ ബിയർ കുപ്പി പൊട്ടിച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവിടെനിന്ന് രക്ഷപ്പെട്ടത്. പ്രതികൾ കീറിപ്പറഞ്ഞ വസ്ത്രങ്ങൾക്ക് പകരം മറ്റൊരു വസ്ത്രവും ഫോണും നൽകിയതോടെയാണ് യുവതിക്ക് ഓടി രക്ഷപ്പെടാനായത്.
വീട്ടിലെത്തിയ യുവതി ഭയം കാരണം ആദ്യ ഘട്ടത്തിൽ ഒന്നും സംസാരിച്ചില്ലെങ്കിലും മുഖത്തെ നീരും പരിക്കുകളും കണ്ട് ഭർത്താവ് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം പുറത്തുപറഞ്ഞത്. വാട്സാപ് ചാറ്റുകളും പ്രതികളുടെ ചിത്രങ്ങളും അതിജീവിത ഭർത്താവിനെ കാണിക്കുകയായിരുന്നു. കേസിൽ നാലിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും നിലവിൽ അതിജീവിത ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഭർത്താവ് വെളിപ്പെടുത്തി.
സംഭവത്തിൽ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പോലീസ് പിടികൂടി. കേസിൽ ഉൾപ്പെട്ട ഒരു സ്ത്രീയടക്കം മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



