ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യൻ നാവികർക്ക് പരുക്കേറ്റു. പനാമ പതാക വഹിച്ചുള്ള ‘എം.ടി ഓൺ പീസ്’ (MT On Peace) എന്ന ചരക്ക് കപ്പലിന് നേരെ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കപ്പലിൽ ആകെ 19 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 17 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിൽ പരുക്കേറ്റ 12 പേരിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒമാൻ അധികൃതരുടെ അടിയന്തര സഹായത്തോടെ പരുക്കേറ്റ ജീവനക്കാരെയെല്ലാം കപ്പലിൽ നിന്ന് വിജയകരമായി ഒഴിപ്പിച്ചു. ഇവരെ നിലവിൽ ഒമാനിലെ ഖസബിലുള്ള (Khasab) ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സമയബന്ധിതമായ സഹായം നൽകിയ ഒമാൻ ഭരണകൂടത്തിന് ഇന്ത്യ നന്ദി രേഖപ്പെടുത്തി. മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും മുൻനിർത്തി ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും നിർത്തിവെക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു.



