തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളുടെ ചെലവ് വഹിച്ചത് ആരാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി വി ഡി സതീശൻ. സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന പൊതുവായ മറുപടിയാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ നൽകിയത്. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ നടത്തിയ വിദേശയാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ വിഷയം ചർച്ചയാകുന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരാണെന്നത് സംബന്ധിച്ചും മുൻപ് വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ ഔദ്യോഗിക യാത്രാച്ചെലവുകൾ സ്പോൺസർ ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന മറുപടിയാണ് സർക്കാർ നൽകിയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അഭ്യുദയകാംക്ഷികൾ സൗജന്യമായി വിമാനം നൽകാൻ തയാറാകുന്നുവെന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റ ശേഷം ഒൻപത് മന്ത്രിമാരാണ് വിദേശയാത്രകൾ നടത്തിയിട്ടുള്ളത്. ഇതിൽ പി.സി. വിഷ്ണുനാഥിന്റെ ബഹ്റൈൻ, യു.എ.ഇ സന്ദർശനം മാത്രമാണ് ഔദ്യോഗികമായുള്ളത്.
എന്നാൽ ഒ.ജെ. ജനീഷ്, കെ.എം. ഷാജി, രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, ബിന്ദുകൃഷ്ണ, ഷിബു ബേബി ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ് തുടങ്ങിയവരുടെ യാത്രകൾ സ്വന്തം നിലയിലുള്ളതാണ്. ഇവയെല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണെങ്കിലും, ഈ സ്വകാര്യ സന്ദർശനങ്ങളുടെ സാമ്പത്തിക ചെലവ് വഹിച്ചത് ആരെന്ന കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിനായില്ല. സ്വന്തം നിലയിലുള്ള യാത്രകൾ എന്ന ലളിതമായ മറുപടി മാത്രമാണ് സഭയിൽ ലഭിച്ചത്. സ്പോൺസർഷിപ്പ് വിവരങ്ങളിലെ അവ്യക്തതയും മന്ത്രിമാരുടെ വിദേശയാത്രകളിലെ ദുരൂഹതയും നിയമസഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.



