ചികിത്സാച്ചെലവുകളിൽ സുതാര്യത വേണം: ആശുപത്രികളിൽ നിരക്കുകൾ പ്രദർശിപ്പിക്കണം.

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ രോഗികൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമവ്യവസ്ഥകളും ചട്ടങ്ങളും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം, ചീഫ് സെക്രട്ടറിമാർക്ക് ഔദ്യോഗിക കത്തയച്ചു.
ആരോഗ്യമേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും അനാവശ്യ ബില്ലിംഗ് തർക്കങ്ങൾ ഒഴിവാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ പറ്റും വിധം പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലുമായിരിക്കണം നിരക്കുകൾ ക്രമീകരിക്കേണ്ടത്. ആശുപത്രികളിൽ എത്തുന്നതിന് മുൻപ് തന്നെ ചികിത്സാച്ചെലവുകളെ കുറിച്ച് മുൻകൂട്ടി ധാരണ ഉണ്ടാക്കാനും അതിനനുസരിച്ച് സാമ്പത്തിക ആസൂത്രണം നടത്താനും ഇത് പൊതുജനങ്ങളെ സഹായിക്കും. അടിയന്തര ഘട്ടങ്ങളിലും മറ്റും വലിയ തുക ബില്ലായി നൽകേണ്ടി വരുമ്പോൾ സാധാരണക്കാർ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് ഇത് പരിഹാരമാകും.
2010 ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമവും 2012 ലെ ചട്ടങ്ങളും മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

ആയുഷ് ഉൾപ്പെടെയുള്ള മെഡിക്കൽ ടൂറിസം മേഖലകളിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികളുടെ ചികിത്സാനിരക്കുകളിലും പാക്കേജുകളിലും കൃത്യത ഉറപ്പാക്കാനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്നവർക്ക് വ്യക്തമായ നിരക്കുകൾ മുൻകൂട്ടി അറിയാൻ സാധിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ ആഗോള വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തും.
ആശുപത്രികൾ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും, വിഷയം ചീഫ് സെക്രട്ടറിമാർ വ്യക്തിപരമായി ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദേശത്തിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles