അങ്കിത ഭണ്ഡാരി സമരം: മാതാപിതാക്കളെയും പ്രതിപക്ഷ നേതാക്കളെയും പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ രാത്രി മുഴുവൻ തുടർന്ന പ്രതിഷേധത്തിനൊടുവിൽ അങ്കിതയുടെ മാതാപിതാക്കളെയും പ്രതിപക്ഷ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ വൻ പൊലീസ് സന്നാഹവുമായെത്തിയാണ് സമരക്കാരെ ബലമായി നീക്കം ചെയ്തത്. കേസുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയനായ ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കുന്നത് തടയണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

ഗൗതമിന്റെ ഗവർണർ നിയമനവാർത്ത പുറത്തുവന്നതോടെയാണ് കുടുംബം പ്രതിഷേധം ശക്തമാക്കിയത്. ബുധനാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിലെ സമരസ്ഥലത്തെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം.പിയും അങ്കിതയുടെ മാതാപിതാക്കൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രാത്രി വൈകിയും സമരത്തിൽ പങ്കുചേർന്നിരുന്നു. നേരത്തെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ കനത്ത തണുപ്പിലും രാത്രി മുഴുവൻ തെരുവിൽ കുത്തിയിരിക്കുകയായിരുന്നു.

2022 സെപ്റ്റംബറിലാണ് 18കാരിയായ അങ്കിത ഭണ്ഡാരി അതിക്രൂരമായി കൊല്ലപ്പെട്ടത്. ബി.ജെ.പി നേതാവിന്റെ മകനായ റിസോർട്ട് ഉടമ പുൽകിത് ആര്യയും ജീവനക്കാരായ സൗരഭ് ഭാസ്കറും അങ്കിത് ഗുപ്തയും കേസിൽ അറസ്റ്റിലാവുകയും 2025 മേയിൽ ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘വി.ഐ.പി’ ബന്ധങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പൂർണ്ണമായി അന്വേഷിക്കണമെന്നും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പുതിയ പ്രതിഷേധം.

Related Articles

- Advertisement -spot_img

Latest Articles