കൊല്ലം: ജർമനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. അപകടത്തിൽ മരിച്ച അഞ്ജലിയുടെ ബന്ധുവുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും, മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. നോർക്കയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജർമനിയിലെ ബോചും നഗരത്തിലെ റസിഡൻഷ്യൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിലാണ് മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർ വെന്തുമരിച്ചത്. ഇടുക്കി സ്വദേശി നോവ സാബു, കൊല്ലം സ്വദേശിനി അഞ്ജലി എസ്. ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



