ന്യൂഡൽഹി: രാഷ്ട്രീയ നിരീക്ഷകനും യൂട്യൂബറുമായ ധ്രുവ് റാഠിക്കെതിരെയുള്ള 2018ലെ മാനനഷ്ടക്കേസിൽ പുതിയ സമൻസ് പുറപ്പെടുവിച്ച് ഡൽഹി സാകേത് കോടതി. വികാസ് സംസ്കൃത്യായൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നടപടി. ധ്രുവ് റാഠി നിലവിൽ ഇന്ത്യയിലുണ്ടെന്ന വിവരം ഉയർന്നതിനെത്തുടർന്ന് പരാതിക്കാരൻ സമർപ്പിച്ച അടിയന്തര ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ബി.ജെ.പി ഐ.ടി സെൽ പാർട്ട് II എന്ന പേരിൽ ധ്രുവ് റാഠി യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ തനിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുവെന്നും ഹർജിയിൽ പറയുന്നു.
കേസ് നവംബർ 20-ലേക്ക് പരിഗണിക്കാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും, സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ധ്രുവ് റാഠി നിലവിൽ ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ അടിയന്തര അപേക്ഷ നൽകുകയായിരുന്നു. വർഷങ്ങളായി വിദേശത്തായതിനാൽ സമൻസ് കൈമാറുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നതായും, നിലവിൽ ഹരിയാനയിലോ ഇന്ത്യയിലോ ഉള്ള അദ്ദേഹത്തിന് നേരിട്ട് സമൻസ് കൈമാറാൻ അനുമതി നൽകണമെന്നും പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
2018 മെയ് മാസത്തിലാണ് ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തത്. വിദേശത്തായതിനാൽ 2019 ജൂലൈ 23 മുതൽ ധ്രുവ് റാഠിക്ക് നേരിട്ട് സമൻസ് നൽകാൻ സാധിച്ചിരുന്നില്ല. വിദേശത്ത് കഴിയുന്ന പ്രതികൾ ഇന്ത്യയിലെത്തുന്ന സന്ദർഭങ്ങൾ പ്രയോജനപ്പെടുത്തി നിയമനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.



