വാഷിങ്ടൺ: യു.എസിലെ ഷിക്കാഗോ ഇലിനോയിയിലുള്ള പ്രശസ്തമായ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിനുനേരെ കൂട്ടവെടിവെപ്പ് നടത്താൻ പദ്ധതിയിട്ട 19-കാരനായ അലക്സാണ്ട്രോസ് പപോരാകിസ് അറസ്റ്റിൽ. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമം നടത്താൻ ആസൂത്രണം ചെയ്ത ഇയാളിൽ നിന്ന് എട്ടുപേജ് വരുന്ന വെറുപ്പിന്റെ മാനിഫെസ്റ്റോയും ആയുധങ്ങളും അമേരിക്കൻ പൊലീസ് പിടിച്ചെടുത്തു. ഒറോറയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആക്രമണം നടത്താനായി വീട്ടിൽനിന്ന് ഇറങ്ങിയ ഇയാളെ, സഹപ്രവർത്തകരിൽ ഒരാൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.
‘എന്തിനാണ് ഞാൻ പോരാടുന്നത്; ഒറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ’ എന്ന തലക്കെട്ടിലുള്ള രേഖകളാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തതെന്ന് കൂക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് വ്യക്തമാക്കി. ജൂതരും ഇന്ത്യക്കാരും ആഫ്രിക്കൻ അമേരിക്കൻ വംശജരും മൃഗതുല്യരാണെന്നും ഇവരെ കൊന്നൊടുക്കണമെന്നും ഇയാൾ രേഖകളിൽ കുറിച്ചിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും മാഗസിനുകളും വൻ വെടിയുണ്ട ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, യു.എസിലുണ്ടായ സംഭവത്തിൽ ഭാരതം കടുത്ത ആശങ്ക രേഖപ്പെടുത്തി. ക്ഷേത്രം ആക്രമിക്കാനുള്ള നീക്കം വംശീയവും ഹിന്ദുവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. യു.എസിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധതയെയും വംശീയ വിദ്വേഷത്തെയും കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതാണ് ഈ സംഭവമെന്നും, വിദ്വേഷ അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലർത്തി അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.



