ഇസ്രായേൽ അധിനിവേശത്തിന് കാരണം സയണിസം: ആന്റി-സയണിസ്റ്റ് പ്രസ്ഥാനമായി യുകെ ഗ്രീൻ പാർട്ടി

ലണ്ടൻ: ഫലസ്തീൻ മണ്ണിലെ ഇസ്രായേൽ അധിനിവേശത്തിനും അതിക്രമങ്ങൾക്കും കാരണം സയണിസ്റ്റ് പ്രത്യയശാസ്ത്രമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഗ്രീൻ പാർട്ടി ചരിത്രപ്രധാനമായ പ്രമേയം അംഗീകരിച്ചു. ‘Motion A105’ പ്രമേയത്തിലൂടെ, ഇനിമുതൽ പാർട്ടി ആന്റി-സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. ഒക്ടോബർ 4-ന് നടന്ന പാർട്ടി വാർഷിക സമ്മേളനത്തിൽ 813 പ്രതിനിധികൾ എതിർത്തപ്പോൾ 1022 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഈ നിർണ്ണായക തീരുമാനം പാസ്സായത്. മിതവാദപരമായ സമാധാന ചർച്ചകൾക്കപ്പുറം പ്രശ്നങ്ങളുടെ അടിവേര് സയണിസമാണെന്ന് തുറന്നടിക്കുന്ന പ്രമേയം യുകെ രാഷ്ട്രീയത്തിലും ആഗോള നയതന്ത്ര മേഖലകളിലും വൻ ചർച്ചയായിരിക്കുകയാണ്.

പുതിയ നിലപാടിലൂടെ ഫലസ്തീൻ മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ജനതയുടെ തിരിച്ചുവരവിനുള്ള അവകാശത്തെയും (Right of Return), അവിടെ വംശീയ വേർതിരിവുകളില്ലാത്ത ഒരൊറ്റ ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും പാർട്ടി പൂർണ്ണമായി പിന്തുണയ്ക്കുന്നു. കൂടാതെ, ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ബി.ഡി.എസ് (Boycott, Divestment, Sanctions) പ്രസ്ഥാനത്തോടുള്ള സഹകരണം ഉറപ്പാക്കുകയും ചെയ്തു. സയണിസ്റ്റ് വിരുദ്ധത എന്നത് യഹൂദ വിരുദ്ധതയല്ല എന്ന് വ്യക്തമായി വേർതിരിച്ചു കാണിച്ച പാർട്ടി, ഇസ്രായേലിലേക്ക് യുകെ നടത്തുന്ന എല്ലാവിധ ആയുധ കയറ്റുമതിയും ഉടനടി നിരോധിക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു.

ചരിത്രപരമായി നോക്കുമ്പോൾ 1975-ൽ യു.എൻ ജനറൽ അസംബ്ലി 3379-ാം നമ്പർ പ്രമേയത്തിലൂടെ സയണിസം വംശീയ വിവേചനത്തിന്റെ രൂപമാണെന്ന് പ്രഖ്യാപിച്ചതിന് സമാനമായ നിലപാടാണ് ഗ്രീൻ പാർട്ടി സ്വീകരിച്ചിരിക്കുന്നത്. പ്രമേയം പാർട്ടി അണികൾ വലിയ തോതിൽ പിന്തുണച്ചെങ്കിലും ഉന്നത തലത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിട്ടുണ്ട്. പാർട്ടിയുടെ പാർലമെന്റിലെ അഞ്ച് എം.പിമാരിൽ നാല് പേരും ഇതിനെ എതിർത്തപ്പോൾ, പ്രമേയത്തിൽ പ്രതിഷേധിച്ച് ആംനസ്റ്റി ഇന്റർനാഷണൽ യുകെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാണ്ടി റൂത്ത്വെൻ ഗ്രീൻ പാർട്ടി അംഗത്വം രാജിവെക്കുകയും ചെയ്തു. എങ്കിലും ഗസ്സയിൽ വംശഹത്യ തുടരുന്ന പശ്ചാത്തലത്തിൽ, സയണിസ്റ്റ് വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം ഫലസ്തീനിൽ സമാധാനം സാധ്യമല്ലെന്ന കൃത്യമായ സന്ദേശമാണ് ബ്രിട്ടീഷ് ഗ്രീൻ പാർട്ടി നൽകുന്നത്.

Related Articles

- Advertisement -spot_img

Latest Articles