ഡൽഹി പൊലീസ് പിന്തുടരുന്നതായി ആരോപണം; ജയിലിൽ പോകാനും തയ്യാറാണെന്ന് അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി പൊലീസ് തനിക്കെതിരെ ശക്തമായ നിരീക്ഷണവും പിന്തുടരലും നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെ. താൻ താമസിക്കുന്ന കെട്ടിടവും പരിസരവും മഫ്ടി പൊലീസും വെളുത്ത സ്‌കോർപിയോ വാഹനവും ഉപയോഗിച്ച് നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംശയകരമായ സാഹചര്യത്തിൽ ആളുകളും വാഹനങ്ങളും നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലൂടെ’ (X) അദ്ദേഹം പുറത്തുവിട്ടു.

ഝണ്ഡേവാലനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലർച്ചെയോ താൻ കസ്റ്റഡിയിലായേക്കാമെന്ന് അഭിജീത് ദീപ്‌കെ മുൻകൂട്ടി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്തിന് വേണ്ടി ദേശീയ പതാക കൈയിലേന്തി പ്രതിഷേധിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നാലും അതിന് പൂർണ്ണ സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സി.ജെ.പി പ്രഖ്യാപിച്ച ‘തിരംഗ യാത്ര’ മുൻനിർത്തി ഡൽഹി പൊലീസ് കൊണാട്ട് പ്ലേസിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർച്ചിനായി വെറും 11 പേർക്ക് മാത്രമാണ് ദേശീയ പതാകയേന്തി പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ നിയമനടപടി ഉണ്ടാകുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രതിഷേധ സ്ഥലത്തേക്ക് എത്തരുതെന്നും പൊലീസ് അറിയിച്ചു. മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി 6,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles